Connect with us

Ongoing News

തളർത്താനാകില്ല, ഇൗ പെൺകരുത്തിനെ

Published

|

Last Updated

നാടകത്തില്‍ എ ഗ്രേഡോട് നേടിയ സെന്റ് വിന്‍സന്റ് കോളനി ജി എച്ച് എസ് എസ് കോഴിക്കോട്

കോഴിക്കോട് ജില്ലാ കലോത്സവത്തിലെ നാടക മത്സരത്തിലെ തിരശ്ശില വീണതു മുതല്‍ ഇവിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാടക മത്സരങ്ങളുടെ തിരശ്ശീല ഉയരുന്നതുവരെ കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ജി എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ യാത്രയായിരുന്നു. പെണ്‍പക്ഷത്തു നിന്ന് നീതിക്കുവേണ്ടിയുള്ള യാത്ര… നാടകാന്ത്യം ഓടിയ വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ തല ഉയര്‍ത്തി പിടിച്ചു തന്നെയാണ് സ്‌കൂളിന്റെ മടക്കം. താത്കാലികമായി തോല്‍പ്പിച്ച വരെ അവസാന ഊഴത്തില്‍ പിന്നിലാക്കിയ മധുര പ്രതികാരത്തിന്റെ മടക്കയാത്ര…
നിര്‍ഭയയും സൗമ്യയും അടക്കം അറിഞ്ഞും അറിയാതെയും പോയ നിരവധി പെണ്‍ മനസ്സുകളുടെ നീതിക്കുവേണ്ടി അരങ്ങിലൂടെ കഥ പറഞ്ഞ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ നേരിട്ടതോ നീതി നിഷേധത്തിന്റെ പച്ചയായ അനുഭവം. ഒടുവില്‍ ശോഭ കോശിയുടെ രൂപത്തില്‍ ഇവരുടെ നീതിക്കായ് ഒരു സ്ത്രീ തന്നെ അവതരിച്ചത് മറ്റൊരു വിപരീത ഘടകം.
സൗമ്യയുടേതടക്കമുള്ള സ്ത്രീ പീഢന കേസുകള്‍ വെറും ചാരമായി പോകുന്ന വര്‍ത്തമാനകാലത്തിന്റെ കഥ പറഞ്ഞ കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ അഭിനയിച്ച സദാചാരം എന്ന നാടകമാണ് അനുഭവ പര്‍വം താണ്ടി അഭിമാനം തിരിച്ചുപിടിച്ചത്.
ജില്ലാ കലോത്സവത്തില്‍ പിന്‍ന്തള്ളപ്പെട്ട നാടകം അപ്പീലുമായി ഡി ഡിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല തുടര്‍ന്ന് ലോകായുക്തയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ബാലാവകാശ കമ്മീഷനാണ് നാടക പ്രവര്‍ത്തകരുടെ മനസ്സ് കണ്ടത്. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജില്‍ വേഷം മാറാന്‍ പോലും സൗകര്യമില്ലാതെ സ്റ്റേജ് സെറ്റിംഗുകള്‍ മുഴുവന്‍ മറിഞ്ഞു വീഴുന്നത് തിരിച്ചറിഞ്ഞതോടെ സംസ്ഥാന കലോത്സവത്തിലേക്ക് ഇവരുടെ വഴിതെളിയുകയായിരുന്നു. ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയായ ശോഭ കോശി അവരുടെ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് അവസാന ഒപ്പ് വെച്ചത് ഈ നാടക കൂട്ടായ്മയുടെ നന്മയിലേക്ക് വഴിതെളിച്ചു കൊണ്ടായിരുന്നു.
സംസ്ഥാന കലോത്സവം ഇവരെ നിരാശപെടുത്തിയില്ല. ജില്ലാ കലോത്സവത്തില്‍ തങ്ങളെ തോല്‍പ്പിച്ച ടീമിനെ ബഹു ദൂരം പിന്നിലാക്കി എ ഗ്രേഡോടു കൂടിയ മൂന്നാം സ്ഥാനം ഒപ്പം മികച്ച നടിക്കുള്ള സമ്മാനവും. ഇതിനപ്പുറം എങ്ങിനെയാണ് പ്രതികാരം ചെയ്യുക. ജില്ലാ കലോത്സവത്തിലെ മിടുക്ക് സൂര്യാ ഷാജി സംസ്ഥാന കലോത്സവത്തിലും പുറത്തെടുത്തത് സ്‌കൂളിന് അഭിമാനമായി. ബിച്ചൂസ് ചിലങ്കയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

Latest