Connect with us

Articles

കോലാഹലങ്ങളാകുന്നോ സ്‌കൂള്‍ കലോത്സവങ്ങള്‍?

Published

|

Last Updated

ചിത്രം: തസ്‌നിം

കണ്ണൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശ- ആരവങ്ങളിലാണിന്ന് കേരളം. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയാകെ ഉറ്റുനോക്കുകയും പത്ര- ദൃശ്യ മാധ്യമങ്ങളിലെല്ലാം നിറഞ്ഞ് നില്‍ക്കുകയുമാണ് സ്‌കൂള്‍ കലോത്സവ വാര്‍ത്തകള്‍.
എങ്കിലും മത്സരാര്‍ഥികള്‍ക്കുള്ള മാനസിക സംഘര്‍ഷങ്ങളും രക്ഷാകര്‍ത്താക്കളില്‍ നിറയുന്ന ആധികളും വിധി നിര്‍ണയത്തില്‍ നടക്കുന്ന അനീതികളുമെല്ലാം കാണുമ്പോള്‍ കോലാഹലങ്ങളാകുന്നുവോ കലോത്സവങ്ങള്‍ എന്ന് ശങ്കിക്കാതെ വയ്യ. 1956 ല്‍ ഒരു ദിവസം മാത്രമായി തുടങ്ങിയ കലോത്സവമിന്ന് 224 ഇനങ്ങളിലായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലാമാമാങ്കമായി മാറിക്കഴിഞ്ഞു. 200 മത്സരാര്‍ഥിയില്‍ നിന്ന് തുടങ്ങുകയും ഇന്ന് 12000ത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവമായി മാറുകയും ചെയ്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അഭിമാനിക്കാന്‍ ഏറെ വകുപ്പുണ്ടെങ്കിലും അതിനേക്കാളേറെ അവമതിപ്പുണ്ടാക്കുന്ന ന്യൂനതകളും പാകപ്പിഴകളുമാണ് ഇനിയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അര്‍പ്പണബോധമുള്ള പല കലാകാരന്‍മാരെയും വാര്‍ത്തെടുക്കാനും അന്യം നിന്നുപോകുന്ന പല കലാരൂപങ്ങളെയും നിലനിര്‍ത്താനും ഒരു പരിധിവരെ കഴിഞ്ഞ കാലങ്ങളില്‍ സ്‌കൂള്‍ കലോത്സവത്തിനു കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ മാറി. നടത്തിപ്പിലെയും വിധിനിര്‍ണയത്തിലെയും അപാകതകളും സ്വജനപക്ഷപാതങ്ങളും മൂലം വിദ്യാര്‍ഥികളും രക്ഷിതാക്കളും മാറ്റുരക്കുന്ന പരിഭവങ്ങളുടെയും പരാതിപ്രളയങ്ങളുടെയും ഉത്സവമായി മാറിയിരിക്കുന്നു ഇന്ന് സ്‌കൂള്‍ കലോത്സവങ്ങള്‍.
ഹൈക്കോടതി, ലോകായുക്ത, വിവിധ സിവില്‍ കോടതികള്‍, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തുടങ്ങി വിവിധ അധികാര സ്ഥാപനങ്ങളിലായി ഒട്ടേറെ പരാതികളാണ് ഓരോ കലോത്സവങ്ങള്‍ നടക്കുമ്പോഴും വന്ന് കൊണ്ടിരിക്കുന്നത്. വിധി നിര്‍ണയത്തിലുള്‍പ്പെടെ ഉയര്‍ന്ന് കേള്‍ക്കുന്ന വീഴ്ചകള്‍ ബാലാവകാശ സംരക്ഷണങ്ങളുടെ പോലും ലംഘനമായി മാറുന്നുവെന്ന് ഔദ്യോഗിക പഠന റിപ്പോര്‍ട്ടുകള്‍ പോലും ചൂണ്ടിക്കാട്ടുന്നു. പല കുട്ടികളുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും ബാലപ്രതിഭകള്‍ക്ക് ലഭിക്കേണ്ട തുല്യ നീതിയും അവസരങ്ങളും നിഷേധിക്കപ്പെടുന്നതിലൂടെ കലോത്സവത്തിന്റെ മൊത്തത്തിലുള്ള വിശ്വാസ്യതക്ക് തന്നെ മങ്ങലേറ്റ് കൊണ്ടിരിക്കുകയുമാണ്.
പല ഘട്ടങ്ങളിലായി പരിഷ്‌കാരങ്ങള്‍ ഏറെ കൊണ്ടുവന്നെങ്കിലും ഒമ്പത് വര്‍ഷം മുമ്പ് തയ്യാറാക്കിയ മാന്വല്‍ അനുസരിച്ചാണ് ഇപ്പോഴും സ്‌കൂള്‍ കലോത്സവം നടക്കുന്നത്. കലോത്സവ മാന്വല്‍ അടിയന്തരമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് കാണിച്ച് ബാലാവകാശ സംരക്ഷണ കമ്മീഷനുകള്‍ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ശിപാര്‍ശകളിലുമാകട്ടെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികളെടുത്തിട്ടില്ല. ഇതിനു പരിഹാരം കാണാന്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണം കാലോചിതമായി നടപ്പാക്കണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കേരളം പിറവികൊണ്ട 1956ലാണ് സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനു തുടക്കമായത്. കേരളപ്പിറവിയുടെ തൊട്ടടുത്ത മാസത്തില്‍. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി എസ് വെങ്കിടേശ്വരനും ഡെപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. ജി എസ് വെങ്കടേശ്വരയ്യര്‍ അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടായിരുന്നു കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയത്. ഇതനുസരിച്ച് എറണാകുളം എസ് ആര്‍ വി ഗേള്‍സ് ഹൈസ്‌കൂളില്‍ ആദ്യ യുവജനോത്സവം അരങ്ങേറി.
1975ല്‍ കോഴിക്കോട് നടന്ന കലോത്സവം ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ മത്സര ഇനങ്ങളായി ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുമ്പ് നടക്കുന്ന ഘോഷയാത്ര ആരംഭിച്ചതും 1975 ലാണ്. 2008 വരെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ് കേരള സ്‌കൂള്‍ കലോത്സവം എന്നറിയപ്പെടാന്‍ തുടങ്ങിയത്.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റുകള്‍ നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും, പെണ്‍കുട്ടിക്ക് കലാതിലകം പട്ടവും നല്‍കുന്ന പതിവുണ്ടായിരുന്നു. 1986ല്‍ ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതാരംഭിച്ചത്. കവി ചെമ്മനം ചാക്കോയാണ് പ്രതിഭ എന്ന പേരു നിര്‍ദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പിളി അരവിന്ദും. 2006ലെ കലോത്സവം മുതല്‍ കലോത്സവ കമ്മിറ്റി തിലക പ്രതിഭാ പട്ടങ്ങള്‍ നല്‍കുന്ന പതിവ് ഉപേക്ഷിച്ചു. 2005ല്‍ തിലകം നേടിയ ആതിര ആര്‍ നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വര്‍ഷം പ്രതിഭാപട്ടം ഉണ്ടായിരുന്നില്ല.
1986ലാണ് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണക്കപ്പ് നല്‍കുന്ന പതിവ് തുടങ്ങിയത്. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് 117.5 പവന്‍ ഉള്ള സ്വര്‍ണ്ണക്കപ്പ് പണിതീര്‍ത്തത്. 2008 വരെ ഹൈസ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009ല്‍ ഹയര്‍സെക്കന്‍ഡറി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാല്‍ 2009ലെ കലോത്സവം മുതല്‍ ഈ കപ്പ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ് നല്‍കുന്നത്. അവസാനമായി 2016 ല്‍ തിരുവനന്തപുരത്ത് നടന്ന 56-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനായിരുന്നു സ്വര്‍ണകപ്പ് ലഭിച്ചത്.
കലോത്സവം നിരവധി പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ എടുത്ത് കളഞ്ഞതായിരുന്നു സുപ്രധാനമായ പരിഷ്‌കാരങ്ങളിലൊന്ന്. സ്‌കൂള്‍ യുവജനോത്സവമെന്ന് അറിയപ്പെട്ടിരുന്ന മേളയെ പിന്നീട് സ്‌കൂള്‍ കലോത്സവമെന്ന് പേര് മാറ്റി. കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തുകയും വിജയികള്‍ക്ക് എ ബി സി എന്നിങ്ങനെ ഗ്രേഡ് ഏര്‍പ്പെടുത്തുകയും ഉന്നത പഠനത്തിന് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയതുമുള്‍പ്പെടെ കലോത്സവ നടത്തിപ്പിലും മാന്വലിലും ചെറുതും വലുതുമായ ഒട്ടേറെ പരിഷ്‌കാരങ്ങളാണ് കൊണ്ടുവന്നത്.
നിലവില്‍ 2008ല്‍ വിദഗ്ധര്‍ തയ്യാറാക്കുകയും സര്‍ക്കാര്‍ ഉത്തരവുകളിലൂടെ കാലാനുസൃതമായി പരിഷ്‌ക്കരിക്കുകയും ചെയ്ത മാന്വല്‍ അടിസ്ഥാനമാക്കിയാണ് കലോത്സവം നടത്തുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുന്നില്ലെന്ന് മാത്രമല്ല, കലോത്സവ നടത്തിപ്പിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ശിശുസൗഹൃദമായ അന്തരീക്ഷത്തിലൂടെ കലോത്സവം മുന്നോട്ട് കൊണ്ടുപോകാന്‍ നിലവിലെ മാന്വലും പര്യാപ്തമല്ലെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
കലോത്സവ നടത്തിപ്പിലെ അപാകങ്ങളും തെറ്റായ നയസമീപനങ്ങളും മൂലം കുട്ടികള്‍ക്കുള്ള അവകാശങ്ങളുടെ ലംഘനം നടക്കുന്നതായും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായുമാണ് ഇനിയും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം കാതല്‍. സ്‌കൂള്‍ തലത്തിലും സംസ്ഥാന തലത്തിലും ഒരു പരിധി വരെ നീതി പൂര്‍വമാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കിലും സബ് ജില്ലാ, റവന്യൂ ജില്ലാ തലങ്ങളില്‍ സ്ഥിതി വളരെ വ്യത്യസ്തമാണ്. വിധി നിര്‍ണയം സുതാര്യമല്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ഓരോ മേഖലയിലും കഴിവു തെളിയിക്കാത്തവരും പരിചയക്കുറവുമുള്ള പുത്തന്‍ “ബിരുദ ധാരി”കളാണ് വിധി കര്‍ത്താക്കളുടെ പാനലിലെത്തുന്നത്. വിധികര്‍ത്താക്കളെ സ്വന്തം ജില്ലയില്‍ നിയമിക്കുന്നതും വിധികര്‍ത്താക്കളുടെ പാനല്‍ പരിഷ്‌കരിക്കാതെ വരുന്നതും കോഴ ആരോപണങ്ങള്‍ക്കും മറ്റു സാമ്പത്തിക മാമൂലുകള്‍ക്കുമിടയാക്കുന്നു.
വിധി നിര്‍ണയത്തിലെ പാകപ്പിഴകള്‍ക്ക് പുറമെ മറ്റ് ഒട്ടേറെ പ്രശ്‌നങ്ങളാണ് മത്സരാര്‍ഥികളെ അനുബന്ധമായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇവയിലൊന്നാണ് നിലവിലെ മാന്വല്‍ അനുസരിച്ചുള്ള ഗ്രേസ് മാര്‍ക്ക് സമ്പ്രദായം. കലോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രൈസ് മണി നല്‍കുന്ന സമ്പ്രദായവും പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും കലോത്സവമേഖലയില്‍ പുതിയ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നതായി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സര ഇനങ്ങളുടെ ബാഹുല്യവും അപ്പീലുകളുടെ എണ്ണം കൂടുത്തതും മേള നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. വിധി നിര്‍ണയം സുതാര്യമായാല്‍ തന്നെ അപ്പീലുകളുടെ എണ്ണം കുറക്കാനാകും.
എ, ബി, സി ഗ്രേഡുകള്‍ ലഭിക്കുന്നവര്‍ക്ക് 30, 24, 18 എന്നിങ്ങനെ ഗ്രേസ് മാര്‍ക്ക് നല്‍കി തുടങ്ങിയതോടെ മാര്‍ക്ക് ലഭിക്കുന്നതിന് മാത്രമായി കലാമത്സരങ്ങളില്‍ പങ്കെടുക്കുകയും ഇതിനു വേണ്ടി മാത്രം പരിശീലനം നടത്തുകയും ഗ്രേഡ് ലഭിക്കാനായി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. വിധി കര്‍ത്താക്കളെ നിയമിക്കുന്നതിനും അപ്പീല്‍ അധികാരികളെ നിശ്ചയിക്കുന്നതിനുമുള്ള ചുമതല ജില്ലാതല ഉദ്യോഗസ്ഥന്‍മാരായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും എ ഇ ഒ മാര്‍ക്കും വിട്ടുനല്‍കിയതും കലോത്സവ നടത്തിപ്പിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കാതെ സംഘാടകര്‍ പുറത്ത് നിന്നും സംഘടിപ്പിക്കേണ്ടി വരുന്നതുമെല്ലാം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ചും അധ്യാപക സംഘടനകള്‍ സംഭാവന സ്വീകരിച്ചുമാണ് കലോത്സവം നടത്തുന്നത്. ഈ രീതിക്കും മാറ്റം വരേണ്ടിയിരിക്കുന്നു.
അപാകങ്ങള്‍ പരിഹരിച്ച് കലോത്സവ മാന്വല്‍ കാലോചിതമായി ഇനിയും പരിഷ്‌കരിക്കുക എന്നത് മാത്രമാണ് ഇതിനു പരിഹാരമായുള്ളത്. എട്ട് വര്‍ഷം മുമ്പ് നടന്ന പരിഷ്‌കരണത്തിനു ശേഷം ഓരോ കലോത്സവ കാലത്തും ഈ ആവശ്യം ഉയരാറുമുണ്ട്. എല്ലാ സംസ്ഥാന കലോത്സവങ്ങളിലും വിദ്യാഭ്യാസ മന്ത്രിമാര്‍ ഈ പ്രഖ്യാപനവും നടത്താറുണ്ട്. കലോത്സവ മാന്വല്‍ പരിഷ്‌കരണം ഉടനുണ്ടാകുമെന്ന, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം.

Latest