Connect with us

National

തമിഴ്‌നാട് നിയമസഭ ജെല്ലിക്കെട്ട് ബില്‍ പാസാക്കി

Published

|

Last Updated

ചെന്നൈ: ജെല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭ പാസ്സാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് അയവ്. ഇന്നലെ വൈകീട്ട് ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്‍ ഏകകണ്ഠമായി പാസ്സാക്കിയത്. ഇതിനു പിന്നാലെയാണ് സമാധാനപരമായി പിരിഞ്ഞുപോകാന്‍ സമരക്കാര്‍ തയ്യാറായത്. ചെന്നൈ മറീന ബീച്ച്, രാമനാഥപുരം, മധുര എന്നിവിടങ്ങളില്‍ ജനങ്ങള്‍ സ്വയം പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടുണ്ട്.
യാതൊരു തടസ്സങ്ങളുമില്ലാതെ ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ഭേദഗതി ബില്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് സഭയില്‍ അവതരിപ്പിച്ചത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ശബ്ദവോട്ടോടെ ബില്‍ സഭ പാസ്സാക്കി. ഓര്‍ഡിനന്‍സ് ഇറങ്ങിയ 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം കൊണ്ടുവന്നത്.
ജെല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. മറീന ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് സമരക്കാരെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധക്കാര്‍ അക്രമാസക്തരായത്. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ റോഡ് ഉപരോധിച്ചു. മധുര അലങ്കനെല്ലൂരില്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലും സംഘര്‍ഷമുണ്ടായി.

സ്റ്റേഷന് തീയിട്ടു

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. മറീന ബീച്ചിന് സമീപത്തുള്ള ട്രിപ്ലികെയ്‌നിലെ ഐസ്ഹൗസ് പോലീസ് സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. പോലീസ് സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍ പോലീസ് സ്റ്റേഷനിലേക്ക് പടര്‍ന്നതാണെന്നും സംശയിക്കുന്നുണ്ട്.
ഈറോഡില്‍ വിദ്യാര്‍ഥികള്‍ ബസ് തടയുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വീണ്ടും മരണം

തിരുച്ചിയിലെ കുമുലൂരില്‍ ഉള്‍പ്പെടെ ജെല്ലിക്കെട്ട് നടന്നു. വിരുദുനഗറില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ സുരക്ഷാ ജോലിക്കിടെ പോലീസുകാരന്‍ മരിച്ചു. ആംഡ് റിസര്‍വ് പോലീസിലെ വി ശങ്കര്‍ (29) ആണ് മരിച്ചത്. സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ജെല്ലിക്കെട്ടിനെ പിന്തുണച്ച നടന്‍ രജനികാന്ത് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
സമരം പിന്‍വലിക്കാന്‍ തയ്യാറായതോടെ ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest