Connect with us

Ongoing News

വേഴാമ്പലുകളെ തേടി......

Published

|

Last Updated

“ഏറ്റവും കൂടുതല്‍ വേഴാമ്പലുള്ള സ്ഥലാണ് നെല്ലിയാമ്പതി അറിയോ നിനക്ക്…”
വിബിന്‍ ഭായ് ചോദിച്ചു.
“ആണല്ലേ…”
” അതെ…”
വിബിന്‍ ഭായിയുടെ ബുള്ളറ്റ് ഞങ്ങളുടെ സംസാരത്തിനും മീതെ ശബ്ദമുണ്ടാക്കി കൊണ്ട് ചെങ്കുത്തായ കയറ്റം കയറുകയായിരുന്നു അപ്പോള്‍.
ഹൈക്കിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന നെല്ലിയാമ്പതിയില്‍ ഒരു നൈറ്റ് ക്യാമ്പും ട്രക്കിംഗും അടങ്ങുന്ന പ്രോഗ്രാമിനായുള്ള യാത്രയാണ്. ഞങ്ങള്‍ക്ക് പുറമെ മുപ്പതിലധികം വരുന്ന ഒരു സംഘവുമുണ്ട് പിന്നാലെ.
നെല്ലിയാമ്പതി കേശവപാറയില്‍ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ചെറിയ ഒരു നടത്തം, കേശവപാറ വ്യൂ പോയിന്റ് വഴി ഉള്‍കാട്ടിലേക്ക്. അവിടെ ഒരു വലിയ മരച്ചുവട്ടില്‍ ആ ഇളം തണുപ്പില്‍ പരസ്പരം പരിചയപ്പെടല്‍. ചെറു ചോദ്യങ്ങളായി തുടങ്ങിയ കുശാലന്വേഷണങ്ങള്‍ അവസാനമില്ലാതെ തുടര്‍ന്ന് പോകവേ രാജു ചേട്ടന്‍ ഊണിന്റെ കാര്യം ഓര്‍മിപ്പിച്ചു. നെല്ലിയാമ്പതി ടൗണിലേക്ക് പോകുന്ന വഴിയിലുള്ള ഐ ടി എല്‍ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം ഏര്‍പാട് ചെയ്തിരുന്നത്. മീന്‍കറിയും മോരും രസവും അടങ്ങിയ രുചികരമായ ഭക്ഷണം വയര്‍ നിറയെ കഴിച്ച് ഒരു ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
തേയിലയും കാപ്പിയും നിറഞ്ഞു നില്‍ക്കുന്ന വഴികള്‍, തോട്ടം തൊഴിലാളികളുടെ കോളനികള്‍, കുറെ ചെറിയ ചെറിയ വീടുകള്‍, കാന്‍ഡിഡ് ഫോട്ടോയ്ക്ക് വലിയ സാധ്യതയുള്ള ഒരുപാട് മുഖങ്ങള്‍, ശരീരത്തെ പുല്‍കി കടന്നുപോകുന്ന തണുത്ത കാറ്റും.

വൈകുന്നേരം നാലുമണിയോടെ ഞങ്ങള്‍ പാടഗിരിയിലുള്ള ക്യാമ്പിലേക്ക് പ്രവേശിച്ചു. അതൊരു റിസോര്‍ട്ടാണ്. അല്ല, ആയിരുന്നു. സ്വകാര്യ ഉടമസ്ഥതയില്‍ നിന്ന് ഗവണ്‍മെന്റ് ഏറ്റെടുത്തത്, അല്ലെങ്കില്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കപരിഹാരവും കാത്ത് കേസില്‍ കിടക്കുന്നത്. ആ കെട്ടിടങ്ങള്‍ പ്രേതഭവനങ്ങളുടെ രൂപഭാവാധികളോടെ ഞങ്ങളെ സ്വാഗതം ചെയ്തു. പ്രധാന റോഡ് ചെന്നവസാനിക്കുന്ന ഒരു വലിയ മുറ്റം. അവിടെനിന്ന് പല ദിശകളിലേക്കും നീണ്ടുകിടക്കുന്ന പാതകള്‍, ആകാശം മുട്ടെ ഉയരമുള്ള മരങ്ങള്‍, തുരുമ്പിച്ച ഇരുമ്പു ഗേറ്റ്, തൊട്ടപ്പുറത്തുള്ള ഒരു കാട്ടു ചോലയ്ക്ക് കുറുകെ നിര്‍മിച്ച കൈ വരികള്‍ പൊട്ടിയ പാലം. ഇതിനുമപ്പുറം അല്‍പം മാറി ഇരുട്ടില്‍ കാട് അതിന്റെ വന്യത മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കിവെച്ചിരിക്കുന്നു. വേഴാമ്പലിനേയും തേടി ഞങ്ങള്‍ ആ കാട്ടു പാതയിലൂടെ നടക്കാനിറങ്ങി. ജീപ്പ് പോകാറുള്ള വഴിയാണ്. അധികം പഴക്കമില്ലാത്ത ആനപ്പിണ്ടവും കണ്ടു. ചുള്ളിക്കമ്പുകള്‍ പെറുക്കിക്കൂട്ടി പ്ലാസ്റ്റിക് ചാക്കിന്റെ നൂലു കൊണ്ട് പാതയോരത്ത് ആരോ കെട്ടി വച്ചിരിക്കുന്നു. പുറം ലോകവുമായി അത് പോലൊരു നേരിയ നൂല്‍ബന്ധം മാത്രമുള്ള മനുഷ്യര്‍ അരികില്‍ എവിടെയോ ഉണ്ടെന്നര്‍ഥം. കൂറ്റന്‍ തടികള്‍ വഴിയില്‍ വീണു കിടക്കുന്നുണ്ട്. അതിനേക്കാള്‍ വലിയ മരങ്ങള്‍ കൂസലില്ലാതെ നില്‍ക്കുന്നതും കണ്ടു. മരങ്ങളില്‍ വലിയ തേനീച്ചക്കൂടുകള്‍. തത്തയെയും കാട്ടുകോഴിയേയും അണ്ണാനേയും കണ്ടു. പക്ഷെ അന്വേഷിച്ചു വന്ന വേഴാമ്പലിനെ മാത്രം കണ്ടില്ല. ഒരു കാട്ടരുവിക്ക് കുറുകെ ഞങ്ങളുടെ വഴി രണ്ടായി പിരിഞ്ഞു. ഏത് വഴി പോകണം എന്നാലോചിക്കുന്നതിനിടെ കുറെ ദൂരെ പിന്നില്‍ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി. ക്യാമ്പില്‍ നിന്നാവണം, ഞങ്ങള്‍ തിരിച്ചു നടന്നു.

ഞങ്ങള്‍ തിരികെ ക്യാമ്പില്‍ എത്തുമ്പോഴേക്കും രാത്രി കിടക്കാനുള്ള ടെന്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഒപ്പം അടുക്കളയില്‍ രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും.
കാട്ടരുവിയിലെ കുളി ഓരോ വനയാത്രയുടെയും ബോണസ്സാണ്. അതിനു വേണ്ടിയായി അടുത്ത നടത്തം. തലകുമ്പിട്ടു നില്‍ക്കുന്ന ക്രിസ്മസ് സ്റ്റാര്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന, കാപ്പിച്ചെടികള്‍ അതിര് ഒരുക്കിയ വഴിയിലൂടെ ആകാശം മുട്ടെയുള്ള മരങ്ങള്‍ കണ്ടുകൊണ്ട് വേണം ഒരേയൊരു ജലസ്രോതസായ ചെക്ക് ഡാമിന്റെ അരികിലെത്താന്‍. നടക്കുന്നതിനിടയില്‍ വലിയ മരക്കൊമ്പുകളില്‍ കണ്ണും മനസും തിരഞ്ഞത് വേഴാമ്പലുകളെയാണ്. അധികം ആഴമില്ലാത്ത ചെറിയ അരുവിയാണ്. നന്നായിയൊന്നു മുങ്ങിക്കുളിച്ചു. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും അവിടെ ക്യാമ്പ് ഫയറിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അവിടെ ഫുഡ് ഉണ്ടാക്കല്‍, ഇവിടെ അന്താക്ഷരി, സൂപ്പ് ഉണ്ടാക്കല്‍ അങ്ങനെ ഒരു ലൈനില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഒടുക്കം സൂപ്പ് ചപ്പാത്തി ചിക്കന്‍ എല്ലാം കൂടി ഒരു ഡിന്നറും കഴിച്ച് കുറെ പേരൊക്കെ ടെന്റിനകത്തേക്ക് കയറി. നാടന്‍ പാട്ടും ബഹളങ്ങളുമായി ഞങ്ങള്‍ കുറച്ചു പേര്‍വീണ്ടും തീ കായാനിരുന്നു. പിന്നെ സ്വാമിയുടെയും മധു ചേട്ടന്റെയും നേതൃത്വത്തില്‍ രാത്രിയുടെ സൗന്ദര്യത്തിലേക്ക് ഞങ്ങള്‍ ഡ്രൈവിനിറങ്ങി. കാട്ടുപോത്തിന്‍കൂട്ടത്തെ കണ്ടു. നിലാവിന്റെ ഭംഗിയില്‍ കാടിനെയും കണ്ടു.

തിരിച്ചെത്തിയപ്പോഴേക്കും ടെന്റുകളില്‍ നിന്ന് കൂര്‍ക്കം വലി ഉയര്‍ന്നുതുടങ്ങിയിരുന്നു. പിന്നെ നേരെ ഡോര്‍മെട്രിയിലേക്ക്. യാത്രയുടെ ആഘോഷങ്ങള്‍ക്ക് അവസാനമില്ല, തുടര്‍ച്ച മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ രാത്രി വെളിച്ചത്തിലേക്ക് വളരുന്നത് ഞാന്‍ കണ്ടുകൊണ്ടിരുന്നു.
ഞങ്ങള്‍ അതികാലത്ത് വേഴാമ്പലുകളെ അന്വേഷിച്ചിറങ്ങി. കാട് ഉണരുന്നതെയുള്ളൂ. വീതി കുറഞ്ഞ നടപ്പാതയിലൂടെ ഉള്ളിലേക്ക് നടന്നു. റീനു ഏലിയാസ് പവിഴം ഞങ്ങളെ മുന്നില്‍ നിന്ന് നയിച്ചു. ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നത് വേഴാമ്പലിന്റെ ശബ്ദമാണെന്ന് വിബിന്‍ ഭായ് നടക്കുന്നതിനിടയില്‍ പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് റീനു വിളിച്ചു, അവളാണ് ആദ്യം കണ്ടത്. മരച്ചില്ലകള്‍ക്കിടയിലൂടെ നീണ്ട രണ്ട് കൊക്കുകള്‍. അതെ അതവര്‍ തന്നെയാണ്. വിബിനും ഗീതാഞ്ജലിയും ക്യാമറയുമായി അങ്ങോട്ട് ഓടി. എന്തോ ശബ്ദം തിരിച്ചറിഞ്ഞത് കൊണ്ടാവണം അവ ആ ചില്ല വിട്ട് പറന്നത്. അവ്യക്തമായ ചിത്രങ്ങള്‍ മാത്രമാണ് ലഭിച്ചത്. വിബിന്‍ നിരാശനായി. വീണ്ടും ഒരു ശബ്ദം, ഇത്തവണ ഞങ്ങള്‍ വ്യക്തമായി കണ്ടു നാല് വേഴാമ്പലുകള്‍ ചിറകടിച്ചു പറന്നു പോകുന്നു. എന്തൊരു ശബ്ദമാണെന്നോ അതിന്റെ ചിറകടികള്‍ക്ക്. ഇത്തവണ ആരും ക്യാമറ തുറന്നുപിടിച്ചില്ല. അത് കണ്ണില്‍ നിന്ന് മരങ്ങള്‍ക്കിടയിലേക്ക് മറയുന്നത് വരെ നോക്കിനിന്നു.

അപ്പോള്‍ ഇതാണ് സ്‌പ്പോട്. അവിടെ നിന്നാല്‍ ഇനിയും കാണാനും പറ്റും, റീനു പറഞ്ഞു.
പക്ഷെ അധികനേരം കാത്തുനില്ക്കാന്‍ ഞങ്ങള്‍ക്കാവില്ല. എട്ടുമണിയോടെ ട്രെക്കിംഗിനായി മാട്ടുമലയിലേക്ക് പോകാനാണ് തീരുമാനം. വിശപ്പിന്റെ വിളി കാരണം ഉപ്പുമാവിനെ മനസിലോര്‍ത്ത് തിരിച്ചു നടക്കവേ വഴിയില്‍ ഞങ്ങളെ കാത്ത് കാപ്പിച്ചെടികള്‍ക്കിടയില്‍ ഒരു മാന്‍ കുട്ടി. വിബിന്‍ ഭായിയുടെ ക്യാമറക്ക് മുന്നില്‍ ചിന്നപ്പ്, ഷോള്‍ഡര്‍ ഡൗണ്‍, ഐസ് ഓപ്പണ്‍ എല്ലാം കഴിഞ്ഞ് പോസ് ചെയ്ത് നില്‍ക്കുവാണ് മച്ചാന്‍. വിശപ്പ് മാറ്റി വെച്ച് ഞങ്ങള്‍ പിന്നെയും കുറേ ദൂരം നടന്നു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, ഉച്ചഭക്ഷണം പായ്ക്ക് ചെയ്ത് ബാഗില്‍ വെച്ചു. ഇനി ട്രെക്കിംഗാണ്. അധികം ഒന്നുമില്ല, മൈല്‍ഡ് ടൈപ്പ്. പുല്‍മേടും കാടും പാറക്കെട്ടും ഉള്‍പെടുന്ന ഒരു ചെറിയ 12 കിലോമീറ്റര്‍ യാത്ര. വരയന്‍ പുലികള്‍ ഇറങ്ങുന്ന വഴികളാണത്രെ അതില്‍ പലതും. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് കണ്ണെത്തുന്ന ദൂരത്തുണ്ട്. അങ്ങനെ ഞങ്ങള്‍ മാട്ടുമലയിലെത്തി. ഉയരങ്ങളില്‍ കാറ്റിന്റെ തണുപ്പ് വെയിലറിയാതെ ഞങ്ങളെ കാത്തുകൊണ്ടിരിക്കവേ എഫ് ബിയിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും പോകാനായി ഫോട്ടോകള്‍ ഫോണ്‍ ഗാലറിയില്‍ ജനിച്ചു കൊണ്ടിരുന്നു.
കാടിനകത്ത് തണലില്‍ ഉച്ചഭക്ഷണം കഴിച്ചു. കുറച്ചു നേരം വിശ്രമിച്ചു. ചിലര്‍ ചെറുതായൊന്നു മയങ്ങി. പിന്നെ പതിയെ ഇറക്കം. കൂടുതലും കാടിനകത്തു കൂടെയായിരുന്നു മടക്കയാത്ര.
വരുന്ന വഴിയില്‍ ഞങ്ങളുടെ ക്യാമ്പിനടുത്തുള്ള ഒരു വീട്ടില്‍ കല്യാണമാണ്. അവര്‍ സ്‌നേഹപൂര്‍വം തന്ന പായസത്തിന്റെ മധുരം നിറഞ്ഞ ഓര്‍മ.

യാത്ര താല്‍കാലികമായി ഇവിടെ അവസാനിക്കുന്നു. ഈ രണ്ടു പകലുകളും ഇടയിലെ ഒരു രാത്രിയും കുറേ പുതിയ മുഖങ്ങളെയും ഓര്‍മകളെയും സന്തോഷങ്ങളെയും കൂടി ജീവിതത്തിലേക്ക് തുന്നിച്ചേര്‍ക്കുന്നു. ഞാനും വിബിന്‍ ഭായിയും ഒരുമിച്ച് മലയിറങ്ങുകയാണ്.
ഓരോ തവണ മധുച്ചേട്ടന്റെയും രാജു ചേട്ടന്റെയും ട്രെക്കിംഗിനു പോകുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്. അപരിചിതരായ ഒരു കൂട്ടത്തെ വച്ച് തുടങ്ങുന്ന യാത്രകളില്‍ ചുരുങ്ങിയ സമയം കൊണ്ട് ഫ്രണ്ട്ഷിപ്പും, പരസ്പ്പരം ഒരു കംഫെര്‍ട്ട് ഫീലും എല്ലായ്‌പ്പോഴും കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന്.
യാത്രാമധ്യേ എനിക്കും വിബിന്‍ ഭായിക്കും ഇടയില്‍ ഉണ്ടായ സംസാരത്തിന്റെ ഇടവേളയില്‍ ഞാന്‍ ഇതേ കാര്യം വീണ്ടും ഓര്‍ത്തു.
ഇതുവരെ കിട്ടിയിട്ടില്ലാത്ത ഉത്തരത്തിനായി ശ്രമിക്കവേ ഭായിയുടെ ചോദ്യം
“ഡാ മ്മക്ക് മംഗലം ഡാമ് വരെ പോയാലോ ഇപ്പോ…!!!”
ഞാന്‍ നേരത്തെ പറഞ്ഞ പോലെ യാത്രയുടെ ആഘോഷങ്ങള്‍ക്ക് ഒടുക്കമില്ല, അതിന് തുടര്‍ച്ച മാത്രമേയുള്ളൂ.