Connect with us

Articles

ജെല്ലിക്കെട്ടും ജയലളിതയും: തമിഴക മറിമായങ്ങള്‍

Published

|

Last Updated

ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന പരസ്യസ്ഥല ആത്മാഹുതികളും അക്രമങ്ങളും നിയന്ത്രിച്ചത് ഭരണനിര്‍വഹണത്തിന്റെയും ഏകോപനത്തിന്റെയും മികവായിട്ടാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. കള്ളപ്പണം വിതരണം ചെയ്താണ് ഇത്തരം കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നുള്ള നിരീക്ഷണങ്ങളും പുറത്തു വന്നിരുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയതു കൊണ്ടു കൂടിയാണ് ആ കലാപം ആളിപ്പടരാതിരുന്നതെന്നും പ്രചരിപ്പിക്കപ്പെട്ടു. നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍, ഇപ്പോള്‍ പൊങ്കലാഘോഷ കാലത്തിനു തൊട്ടു പിന്നാലെ, പൊടുന്നനെ തമിഴകം സമരകേന്ദ്രിതമായിരിക്കുന്നു. ടെക്കികള്‍ അടക്കമുള്ള ആള്‍ക്കൂട്ടങ്ങള്‍ പൊതുസ്ഥലങ്ങള്‍ കൈയടക്കുകയും ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്.

ജനാധിപത്യവ്യവസ്ഥയാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് തോന്നിപ്പിക്കാന്‍, ഇത്തരം പ്രതിഷേധ പ്രകടനങ്ങളും അധികാരപ്രയോഗങ്ങളെ പരസ്യമായി ചോദ്യം ചെയ്യുന്നതും ഇടക്കിടക്കുണ്ടാകുന്നത് നല്ലതു തന്നെയാണ്. കോടതിയായാലും ഭരണക്കാരായാലും ചില വിധികളും നിയമങ്ങളും പ്രഖ്യാപിക്കുകയും ഏതു തരം മറുവാദങ്ങളും അടിച്ചമര്‍ത്തും എന്ന് വരുത്തുന്നതും ജനവിരുദ്ധ മാണ്. ചിലപ്പോള്‍, ഇത്തരം ആള്‍ക്കൂട്ട പ്രതിഷേധങ്ങള്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെടുകയും അതിനെ അടിച്ചമര്‍ത്താനുള്ള അമിത ബലപ്രയോഗങ്ങള്‍ ഭരണകൂട ഭീകരതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നതും കാണേണ്ടതുണ്ട്. ജയലളിതയുടെ മരണത്തെ തുടര്‍ന്നെന്നതു പോലെ, ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയ നോട്ടു നിരോധത്തിനെതിരെയും രൂപപ്പെടാത്ത ആള്‍ക്കൂട്ട പ്രതിഷേധം എന്തുകൊണ്ടാണ് ജെല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാട്ടില്‍ പ്രകടിതമായി എന്നത് രാഷ്ട്രത്തെ സംബന്ധിച്ചും സംസ്‌കാരത്തെ സംബന്ധിച്ചും ജാത്യധീശത്വത്തെ സംബന്ധിച്ചും മൃഗ-മനുഷ്യ വൈരുധ്യത്തെ സംബന്ധിച്ചുമുള്ള സൂക്ഷ്മ ആലോചനകളിലേക്ക് നമ്മെ നയിക്കുന്നു.
സംഗീതജ്ഞനായ എ ആര്‍ റഹ്മാന്‍, ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ്, നടി കീര്‍ത്തി സുരേഷ് എന്നിവരുള്‍പ്പെടെ പ്രമുഖരും ചലച്ചിത്രരംഗത്തുള്ളവരും വ്യാപാരി-വ്യവസായികളും മറ്റും മറ്റും സമരത്തെ അനുകൂലിച്ച് രംഗത്തു വരികയും തമിഴ് സ്വത്വവും സ്വാഭിമാനവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈജിപ്തിലും മറ്റുമുണ്ടായതു പോലെ, സാമൂഹിക മാധ്യമങ്ങളിലൂടെ പരന്ന സമരം പൊതുവേ സമാധാനപരവും ഏറെക്കൂറെ നിയന്ത്രിതവും നേതൃ ശൂന്യപരവുമാണ്. ചെന്നൈ നഗരത്തിലെ പ്രസിദ്ധമായ മറീന കടല്‍ക്കരയിലാണ് പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം അണിചേര്‍ന്ന സമരത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്.
മുന്‍കാലത്ത് നടന്നിരുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് കുറച്ചു കാലമായി ജെല്ലിക്കെട്ട് നടക്കുന്നതെന്നാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരാളും ഒരു കാളയും എന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ക്കൂട്ടവും ഒരു കാളയും തമ്മിലുള്ള മത്സരമായാണ് പുതിയ കാലത്തെ ജല്ലിക്കെട്ടുകള്‍ കാഴ്ചയുടെ ആഘോഷങ്ങളാകുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നതിനുള്ള നിയമം (പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്) അനുസരിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. ഇത് തിരുത്തി ജെല്ലിക്കെട്ട് പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ നിയമപരമായി സ്ഥാപിച്ചെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറും കോടതികളും തയ്യാറാകണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. മൃഗങ്ങളോടൊപ്പം, ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് മനുഷ്യവ്യക്തികള്‍ക്കും ഗുരുതരമായതും അല്ലാത്തതുമായ പരിക്കുകളുണ്ടാകുന്നുണ്ട് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ജനപ്രിയ വൈകാരിക പ്രകടനങ്ങള്‍, നിയമ നിര്‍മാണങ്ങളെയും വ്യാഖ്യാനങ്ങളെയും വിധികളെയും നിര്‍വഹണങ്ങളെയും സ്വാധീനിക്കുന്നത്, ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട റിപ്പബ്ലിക്കിനും വ്യവസ്ഥക്കും ഗുണകരമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.

ഏരു തഴുവുതല്‍ എന്ന പേരില്‍, തമിഴ് ഇതിഹാസങ്ങളില്‍ ജെല്ലിക്കെട്ട് പരാമര്‍ശിക്കുന്നുണ്ടെന്നും അതിനാല്‍ അത് ഇല്ലാതാക്കുന്നത്, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ് സംസ്‌കാരത്തെയും സ്വത്വത്തെയും അപമാനിക്കലാകും എന്നുമാണ് സമരക്കാര്‍ വ്യാഖ്യാനിക്കുന്നത്. എഴുപതുകളിലുണ്ടായ ഹിന്ദി ഒഴിക (ഹിന്ദി വേണ്ട) എന്ന കലാപത്തിന്റെ ഓര്‍മകളുണര്‍ത്തുന്നതാണ് ഈ സമരം എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വാദങ്ങളെല്ലാം അപ്രസക്തമാണെന്നും അംഗീകരിക്കപ്പെടേണ്ടതല്ലെന്നുമാണ് ദളിത് നേതാക്കളും ബുദ്ധിജീവികളും പറയുന്നത്. ബ്രാഹ്മണവിരുദ്ധ വികാരങ്ങളുദ്ദീപിപ്പിച്ചുകൊണ്ട് മുന്നേറിയ ദ്രാവിഡ പ്രസ്ഥാനം പല കാരണങ്ങളാല്‍ ഇന്ന് ആശയപരമായി ശിഥിലമായിക്കഴിഞ്ഞു. ഒ ബി സി വിഭാഗത്തില്‍ പെട്ട തേവര്‍ സമുദായമടക്കമുള്ളവര്‍ അതും പുരുഷന്മാരാണ് ജെല്ലിക്കെട്ട് എന്ന സാമൂഹിക ആഹ്ലാദത്തില്‍ പങ്കു കൊള്ളുന്നത് എന്നും അതിനെ സാമാന്യ തമിഴ് പ്രതിനിധാനത്തിലേക്ക് സ്ഥാപിക്കുന്നത്, ശരിയല്ലെന്നുമാണ് അവര്‍ വാദിക്കുന്നത്. പുതിയ തമിഴകം നേതാവ് കെ കൃഷ്ണസ്വാമി പറയുന്നത്, ഇപ്പോള്‍ തമിഴ്‌നാടിനെ മാരകമായി ബാധിക്കുന്ന കാര്‍ഷിക പ്രതിസന്ധിക്കു പകരം, കാളയോട് ഏറ്റുമുട്ടി വിജയിക്കുന്നതില്‍ സാംസ്‌ക്കാരിക സ്വത്വം കാണുന്ന യുവ തലമുറയുടേത് കപടനാട്യവും നിരുത്തരവാദിത്തപരവുമാണെന്നാണ്. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലെ ഇരുപതിലധികം വരുന്ന ഗ്രാമങ്ങളില്‍ നടന്നുവന്നിരുന്ന ഈ അനുഷ്ഠാനത്തില്‍ മുന്‍ കാലത്ത് എല്ലാ സമുദായക്കാരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ജാത്യധീശത്വപരമായ നാടുവാഴിത്ത ഗ്രാമപ്രതീതിയെ സാമാന്യമായി പുനഃസ്ഥാപിക്കാനുള്ള പുനരുത്ഥാനവാദപരവും ദളിത്‌വിരുദ്ധവുമായ സമരമായിട്ടാണ് അദ്ദേഹം ഇതിനെ നിര്‍ണയിക്കുന്നത്. മനുഷ്യരക്തം ചൊരിഞ്ഞാല്‍ സമൃദ്ധിയുണ്ടാകും എന്നതു പോലുള്ള പ്രാചീന വിശ്വാസങ്ങളാണ് ജെല്ലിക്കെട്ടിനും പിന്നിലുള്ളത്.

മാനവികതയും മൃഗസ്‌നേഹവുമടക്കമുള്ള പരികല്പനകള്‍ക്ക് നിര്‍ണായകത്വമുണ്ടാകേണ്ട ആധുനിക സമൂഹത്തിന് ഒട്ടും യോജിച്ചതല്ല ഈ സമരത്തിലുയര്‍ന്നു വന്നിരിക്കുന്ന മുദ്രാവാക്യം എന്നു ചുരുക്കം. നാടന്‍ ഉരുക്കളെ ഇല്ലാതാക്കി വൈദേശിക വംശഹത്യാ പദ്ധതികളാണ് ജെല്ലിക്കെട്ട് നിരോധനത്തിലേക്കു നയിച്ചത് എന്ന തരം വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ വാദങ്ങള്‍ക്ക് പ്രത്യയശാസ്ത്ര മുഖം മൂടിയും വ്യാജ-ചരിത്രപരതയും ഏല്‍പ്പിച്ചു നല്‍കുന്നതിന്റെ ഉദാഹരണമാണിത്. ഗ്രാമങ്ങള്‍ നഗരവത്കരിക്കപ്പെടുന്നതിന്റെ ഭാഗമായും സാമൂഹികവത്കരിക്കുന്നതിന്റെ ഭാഗമായും നഷ്ടമാകുന്ന പ്രതാപങ്ങള്‍ അതേ ഗ്രാമങ്ങളിലും കുടിയേറ്റത്തെ തുടര്‍ന്നുള്ള നഗരങ്ങളിലും നിലനിര്‍ത്താനുള്ള ജാത്യധീശത്വത്തിന്റെ പ്രകടനങ്ങളാണ് ഈ സമരത്തെ ഉത്പാദിപ്പിച്ചെടുത്തതെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും. മധുരൈയിലെ അലങ്കല്ലൂര്‍ എന്ന ഗ്രാമത്തില്‍, സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ദളിതര്‍ക്കും ജെല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍, ഇത് വെറും തട്ടിപ്പ് മാത്രമാണെന്നും ആഘോഷ പരിപാടിയുടെ നായകത്വവും ആന്തരിക ചോദനയും മേല്‍ജാതിക്കാരില്‍ നിക്ഷിപ്തമാണെന്നുമാണ് ദളിത് എഴുത്തുകാരനായ സ്റ്റാലിന്‍ രാജാങ്കം പറയുന്നത്. ശിവഗംഗയിലും മറ്റും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിതരെ ആട്ടിയോടിച്ചത് തന്റെ വാദം സമര്‍ത്ഥിക്കാനായി അദ്ദേഹം എടുത്തു പറയുന്നു. മാത്രമല്ല, പതിനാറാം നൂറ്റാണ്ടിലെ തെലുങ്ക് അധിനിവേശത്തിന്റെ ഭാഗമായാണ് ജെല്ലിക്കെട്ട് പ്രചാരത്തില്‍ വന്നതെന്നും തമിഴ് സംഘ പാരമ്പര്യവുമായി അതിന് ബന്ധമില്ലെന്നും രാജാങ്കം വ്യാഖ്യാനിക്കുന്നു. തമിഴ് സംസ്‌ക്കാരത്തിന്റെ ഭാഗമായി ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കുകയാണെങ്കില്‍ തന്നെ അതിനെ ജനാധിപത്യവത്കരിച്ചുകൊണ്ടേ അത് നിര്‍വഹിക്കാവൂ എന്നാണ് വിടുതലൈ ചിരുത്തൈകള്‍ കച്ചി നേതാവ് ഡി രവികുമാര്‍ പറയുന്നത്.

ഇന്ത്യക്കകത്ത് വിവിധ ഇന്ത്യകളുള്ളതു പോലെ, തമിഴകത്തിനകത്തു തന്നെ വിവിധ തമിഴകങ്ങളുണ്ടെന്നതിലേക്കാണ് ഈ ആലോചനകള്‍ നമ്മെ എത്തിക്കുന്നത്. കാര്‍ഷിക ഉത്പാദന/വിതരണ വ്യവസ്ഥ നശിക്കുകയും അതുമായി ബന്ധപ്പെട്ട സാംസ്‌ക്കാരിക അനുഷ്ഠാനങ്ങള്‍, പുതിയ കാലത്തെ പരസ്യ വാണിജ്യ താത്പര്യങ്ങളുടെയും കോര്‍പ്പറേറ്റ് ഇടപെടലുകളുടെയും പിന്‍ബലത്തോടെ പ്രകടാനാത്മകവും വ്യാജവുമായി പുനരാവിഷ്‌ക്കരിക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നതെന്ന് ചുരുക്കം. ആക്രമണോത്സുകതയെ മഹത്വവത്ക്കരിക്കുന്ന ഒരു സമീപനവും ഇതില്‍ നിഴലിക്കുന്നുണ്ട്. സാമ്പത്തികവും സാമൂഹികവും വംശീയവും ജാതീയവും പ്രാദേശികവും ആയ കാരണങ്ങളാല്‍ ഉയര്‍ന്നു വരുന്ന നിരാശകളും വേദനകളും ആഹ്ലാദപരികല്‍പനകളായി സാമൂഹിക പ്രതീതി സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ തമിഴ്‌നാടിനെ പിടിച്ചു കുലുക്കുന്നതെന്നും നിരീക്ഷിക്കാം. ജയലളിതയുടെ മരണത്തെ തുടര്‍ന്നുള്ള നേതൃ അസാന്നിധ്യ സാഹചര്യത്തിന്റെ ഒരു അരാജകത്വ പശ്ചാത്തലവും ഈ സമരത്തിനു മേല്‍ ആരോപിക്കാം. പുതിയ നേതൃരൂപങ്ങളും രാഷ്ട്രീയ മറിമായങ്ങളും ഈ സാഹചര്യം ഉപയോഗിച്ചുകൊണ്ട് ഉയര്‍ന്നു വരുമോ എന്ന് പറയാനാവുകയുമില്ല.
Reference: As Jallikattu supporters grow more insistent, Dalit voices of protest against bulltamin-g emerge – By Sruthisgar Yamunan (scroll.in 20/01/2016)

 

Latest