Connect with us

Articles

ഓര്‍മയുണ്ടോ, കര്‍പൂരി ഠാക്കൂര്‍ എന്ന ഈ മനുഷ്യനെ?

Published

|

Last Updated

പ്രമുഖ സോഷ്യലിസ്റ്റും ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന കര്‍പൂരി ഠാക്കൂറിന്റെ 103-ാം ജന്‍മദിനമാണ് ജനുവരി 24. തുല്യതയില്ലാത്ത ലാളിത്യത്തിന്റെയും അഴിമതിക്കറ പുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെയും ആള്‍ രൂപമായിരുന്നു അദ്ദേഹം. രണ്ടു തവണ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പൂരി ഠാക്കൂറിന്, 1988 ഫെബ്രുവരി 17ന് മരണമടയുമ്പോള്‍ ഒരു രൂപയുടെ സ്വത്തുപോലും പാറ്റ്‌നയിലോ സ്വന്തം ജില്ലയായ സമസ്തിപൂരിലോ ഉണ്ടായിരുന്നില്ല!.

ബീഹാറിലെ ജാതിക്കോമരങ്ങളുടെ കണ്ണിലെ കരടായിരുന്നു എന്നും കര്‍പൂരി ഠാക്കൂര്‍. പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ഉന്നമനത്തിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചു. മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയുടെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി അദ്ദേഹം മലര്‍ക്കേ തുറന്നുവെച്ചു. അന്നേവരെ പാവങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ജനങ്ങള്‍ സങ്കടങ്ങളുമായി ഒഴുകി.
ജാതിഭ്രാന്ത് തലക്കുപിടിച്ച ബീഹാറില്‍ പിന്നാക്ക ക്ഷുരക സമുദായത്തില്‍ ജനിച്ച കര്‍പൂരി ഠാക്കൂര്‍ ജാതീയമായ അവഗണനകളെ ജനകീയ പോരാട്ടങ്ങളിലൂടെ മറികടന്നാണ് ബീഹാര്‍ മുഖ്യമന്ത്രിക്കസേരയിലെത്തിയത്. പാറ്റ്‌നയില്‍ താന്‍ മുഖ്യമന്ത്രിപദത്തിലിരിക്കുമ്പോള്‍ സ്വന്തം നാടായ സമസ്തിപൂരില്‍ അദ്ദേഹത്തിന്റെ പിതാവ് ഗോകുല്‍ ഠാക്കൂര്‍ ക്ഷുരക ജോലി ചെയ്യുന്നതില്‍ കര്‍പൂരി ഠാക്കൂറിന് ഒരു പ്രയാസവും തോന്നിയില്ല. മറിച്ച് പിതാവ് സ്വന്തം തൊഴില്‍ ചെയ്യുന്നത് അദ്ദേഹത്തിന് അഭിമാനമായേ തോന്നിയുള്ളൂ. ടയര്‍ മുറിച്ചുണ്ടാക്കിയ ചെരിപ്പ് ധരിച്ച് സ്വന്തം കുടിലിന്റെ മുറ്റത്തെ മരബെഞ്ചിലിരിക്കുകയായിരുന്ന ഗോകുല്‍ താക്കൂറിനോട് ഒരിക്കല്‍ ഒരു പത്രക്കാരന്‍ മകനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ഭക്ഷണം കഴിക്കാറുണ്ടോ ഇല്ലയോ എന്ന് അവന്‍ നോക്കാറില്ല. അവന്‍ ജോലി സത്യസന്ധമായി ചെയ്യണമെന്നേ എനിക്ക് പ്രാര്‍ഥനയുള്ളൂ. അവിടെ നിന്നുള്ള പൈസ എനിക്കു വേണ്ട. എനിക്ക് ഇപ്പോള്‍ തരുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.

1967ല്‍ ബീഹാര്‍ അടക്കമുള്ള ഏഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിതര സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ബീഹാറിലെ ഭരണമുന്നണിയിലെ കൂടുതല്‍ സീറ്റുള്ള പാര്‍ട്ടി കര്‍പൂരി ഠാക്കൂറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഒരു ക്ഷുരകന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കുന്നതിനെ മുന്നാക്ക നേതാക്കള്‍ നയിച്ചിരുന്ന ഇതര സഖ്യപാര്‍ട്ടികള്‍ തടയിടുകയും മുന്നാക്കസമുദായക്കാരനായ ജനക്രാന്തിദള്‍ നേതാവ് മഹാമായ പ്രസാദ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിനെതിരെ ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റ് തന്റെ സ്ഥാനത്തിനു വേണ്ടി അട്ടിമറിക്കരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന കര്‍പൂരി ഠാക്കൂര്‍ തീരുമാനം അംഗീകരിക്കുകയും ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
1970ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റൊരു പേര് പരിഗണിക്കേണ്ടി വന്നില്ല. ബീഹാര്‍ മുഖ്യമന്ത്രിയായ കര്‍പൂരി ഠാക്കൂര്‍ അതേ വരെ രാജ്യം കാണാത്ത പുതിയൊരു ചരിത്രം എഴുതുകയായിരുന്നു. അഴിമതി തുടച്ചുനീക്കുന്നതിന് അദ്ദേഹം വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും മുന്തിയ പരിഗണന നല്‍കി.

മുഖ്യമന്തിയായിരിക്കെയാണ് കര്‍പൂരി ഠാക്കൂറിന്റെ മകളുടെ വിവാഹം നടന്നത്. അത് സ്വദേശമായ സമസ്തിപൂരിലെ കുഗ്രാമത്തില്‍ വെച്ചു നടത്താനാണ് അദ്ദേഹം തീരുമാനിച്ചത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ പോലും വിവാഹ വാര്‍ത്തയറിഞ്ഞില്ല. വിവരം മണത്തറിഞ്ഞവര്‍ സ്വകാര്യമായി സഹായം വാഗ്ദാനം ചെയ്തപ്പോള്‍ ഇത് കര്‍പൂരി ഠാക്കൂറിന്റെ മകളുടെ വിവാഹമാണെന്നും ബീഹാര്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമല്ലെന്നും പറഞ്ഞ് അദ്ദേഹം സ്‌നേഹപൂര്‍വം വിലക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും വിവാഹസ്ഥലത്ത് കണ്ടുപോയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം താക്കീത് ചെയ്തു. വിവാഹത്തലേന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ ജില്ലാ കലക്ടറെ അദ്ദേഹം ശകാരിച്ചു വിട്ടു. ഒരിക്കല്‍ കൂടി അവിടെ കണ്ടുപോയാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. വീട്ടിലെ സ്വകാര്യ ചടങ്ങുകള്‍ പോലും, എന്തിനേറെ ഷൂ ഇടാന്‍ പോലും ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്ന മന്ത്രിമാര്‍ക്കിടയിലായിരുന്നു കര്‍പൂരി ഠാക്കൂര്‍ വലിപ്പം കൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്.
ഒരു സ്വാതന്ത്ര്യ സമര സേനാനികൂടിയായിരുന്നു അദ്ദേഹം. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അദ്ദേഹം ഒളിവില്‍ പോയി ഗറില്ലാ മുറയിലുള്ള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിച്ചു. ദീര്‍ഘകാലം നേപ്പാളിലാണ് ഒളിവില്‍ കഴിഞ്ഞത്. ബ്രിട്ടീഷ് പോലീസിനാല്‍ പിടികൂടപ്പെട്ട കര്‍പൂരി ഠാക്കൂറിനെ ഭഗല്‍പൂര്‍ ജയിലിലാണ് തടവിലിട്ടത്. സ്വാതന്ത്ര്യസമര സേനാനികളോട് സാധാരണ കുറ്റവാളികളോടെന്ന പോലെ ജയിലധികാരികള്‍ പെരുമാറിയപ്പോള്‍ കര്‍പൂരി ഠാക്കൂറിനുള്ളിലെ പോരാളിക്ക് നിശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് രാഷ്ട്രീയ തടവുകാരുടെ പരിഗണന കിട്ടുന്നതുവരെ അദ്ദേഹം നിരാഹാര സമരം തുടര്‍ന്നു. തന്റെ 13 മാസക്കാലം നീണ്ടുനിന്ന ജയില്‍ വാസത്തിനിടയില്‍ രാഷ്ട്രീയ തടവുകാരെ സംഘടിപ്പിച്ച് അവര്‍ക്ക് ക്ലാസ്സെടുത്തു. അത് പില്‍ക്കാലത്ത് വലിയൊരു രാഷ്ട്രീയ സൗഹൃദ വലയം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സഹായകമായി.
അടിയന്തരാവസ്ഥയിലും ഏറ്റവും കൂടുതല്‍ കാലം ഒളിവില്‍ കഴിഞ്ഞ് പോരാട്ടം നടത്തിയത് കര്‍പൂരി ഠാക്കൂറായിരുന്നു. പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് ബീഹാറിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ആള്‍ക്കൂട്ടത്തോട് ജയപ്രകാശ് നാരായന്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ, അദ്ദേഹം സമ്മേളന വേദിയില്‍ കര്‍പൂരി ഠാക്കൂറിന്റെ സാന്നിധ്യം പ്രഖ്യാപിച്ചപ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നുയര്‍ന്ന ആരവവും ബീഹാര്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. സമ്മേളന ശേഷം ജെ പിയുടെ വീട്ടിലേക്കുള്ള വഴിമധ്യേ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 13 ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് വിട്ടയച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടെ കര്‍പൂരി ഠാക്കൂര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബീഹാറില്‍ ആദ്യമായി മദ്യനിരോധം പ്രഖ്യാപിച്ചത്. പിന്നാക്ക പ്രദേശങ്ങളില്‍ ധാരാളം സ്‌കൂളുകള്‍ ആരംഭിച്ചതും ഠാക്കൂറിന്റെ കാലത്തായിരുന്നു. അന്നേവരെ സ്‌കൂളുകള്‍ കണ്ടിട്ടുപോലുമില്ലാത്തവര്‍ക്ക് ഇതുവഴി സ്‌കൂളില്‍ പോകാന്‍ അവസരമൊരുക്കി. ഇന്ത്യയില്‍ ആദ്യമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജോലി സംവരണം നടപ്പാക്കിയതും അദ്ദേഹമായിരുന്നു.

രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും വലിയൊരു മാതൃക ബാക്കി വെച്ചുകൊണ്ടാണ് കര്‍പൂരി ഠാക്കൂര്‍ 1988 ഫെബ്രുവരി 17ന് വിടവാങ്ങിയത്. ബീഹാറില്‍ ജാതി രാഷ്ട്രീയത്തിനെതിരെ നടത്തിയ പോരാട്ടവും അഴിമതിരഹിത രാഷ്ട്രീയജീവിതത്തിന് നല്‍കിയ വലിയ മാതൃകയും കര്‍പൂരി ഠാക്കൂറിനെ ഇതര രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

 

Latest