Connect with us

Kerala

പാറ്റൂര്‍ ഭൂമി: തെളിവുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ രേഖകളൊക്കെ ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് കോടതി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവായിരിക്കെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോയിരുന്നു കോടതിയുടെ നിരീക്ഷണം.

കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വിഎസിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേസില്‍ ഇന്നാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നെങ്കിലും, ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കതിരേ അഴിമതി ആരോപിച്ചാണ് വിഎസ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവരും കൂട്ടുനിന്നെന്നും വിഎസ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനു തെളിവില്ലെന്നു നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.