Connect with us

Gulf

ഹജ്ജ് ക്വാട്ട വർധിക്കുമെന്ന പ്രതീക്ഷയിൽ ഖത്വർ

Published

|

Last Updated

ദോഹ: ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നതിന് ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ സര്‍വീസ് ഏജന്‍സികളും തീര്‍ഥാടനം ആഗ്രഹിക്കുന്ന പ്രവാസികളും. ഹറം വികസനത്തെത്തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് സഊദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പിന്‍വലിക്കാന്‍ തയാറായ സാഹചര്യത്തിലാണ് ഖത്വറിനും കൂടുതല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഏജന്‍സികളും വിശ്വാസികളും കാത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 15,000നു മേല്‍ അപേക്ഷകരുണ്ടായെന്നും ഈ വര്‍ഷം പതിനായിരത്തിനു മുകളില്‍ ക്വാട്ട അനുവദിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംഗീകൃത ഹജ്ജ്, ഉംറ ഏജന്‍സിയായ അല്‍ ഹാജിരി പ്രതിനിധി പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹവും പ്രവാസികള്‍ക്കു വേണ്ടി ഹജ്ജ് യാത്രാ സേവനം നല്‍കുന്ന സംഘങ്ങളും ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്ന വാര്‍ത്ത കാത്തിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം 1300 പേര്‍ക്കു മാത്രമായിരുന്നു അവസരം. ഇതില്‍ 200 വിദേശികള്‍ക്കു മാത്രമാണ് അവസരം ലഭിച്ചത്. 200ല്‍ അപേക്ഷകരുടെ തോത് അനുസരിച്ച് വ്യത്യസ്ത രാജ്യക്കാര്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഈ നില തുടരുകയാണ്. ക്വാട്ട കുറവായതിനാല്‍ അവസരം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലാത്തതിനാല്‍ പലരും യാത്രക്കു തയാറെടുക്കാന്‍ സന്നദ്ധരാകുന്നില്ല. മാനസികമായി ഉള്‍പ്പെടെ നേരത്തേ തയാറെടുക്കേണ്ടതുള്ളതു കൊണ്ട് പലരെയും അപേക്ഷിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഈ വര്‍ഷത്തെ ക്വാട്ട സംബന്ധിച്ച് നേരത്തേ വിവരം ലഭിച്ചാല്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് തീരുമാനമെടുക്കാന്‍ സൗകര്യമാകുമെന്നും ഐ സി എഫ് ഹജ്ജ്, ഉംറ സംഘം ചെയര്‍മാന്‍ അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷവും ഐ സി എഫ് ഹജ്ജ് സേവനം നല്‍കിയിരുന്നു.
നിയന്ത്രണം വരുന്നതിനു മുമ്പ് 7,000 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നു. ആനുപാതികമായി വിദേശികള്‍ക്കും അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ നിയന്ത്രണം വന്നതോടെ പ്രവാസികള്‍ക്കാണ് പ്രയാസം നേരിട്ടത്. നാട്ടില്‍ നിന്ന് പോകുന്നതിന് സാമ്പത്തിക ചെലവ് കൂടുതലുള്ളതിനു പുറമേ പാസ്‌പോര്‍ട്ട് നേരത്തേ നല്‍കേണ്ടി വരുന്നതും കൂടുതല്‍ കാലം അവധി ലഭിക്കാനുള്ള പ്രയാസവുമെല്ലാം പ്രതിസന്ധികളാണ്. സാധാരണയായി റജബ് മാസത്തിലാണ് ഹജ്ജിനു പോകുന്നവരില്‍നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയാണ് അര്‍ഹരെ കണ്ടെത്തുക. തുടര്‍ന്ന് ശഅബാനില്‍ വിസ നടപടികള്‍ ആരംഭിക്കും.
നിയന്ത്രണം നീക്കിയതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 35,000 പേര്‍ക്കാണ് അധികം അവസരം ലഭിക്കുന്നത്. ഇന്ത്യയില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായാണ് ക്വാട്ടകള്‍ വീതം വെക്കുന്നത്.

Latest