Connect with us

Gulf

ഖത്വര്‍ ആഭ്യന്തര മന്ത്രാലയത്തിന് അന്താരാഷ്ട്ര അംഗീകാരം

Published

|

Last Updated

ദോഹ: ആഭ്യന്തര മന്ത്രായം പ്രവര്‍ത്തനങ്ങള്‍ക്ക് റപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്റഗ്രേറ്റിംഗ് റപ്യൂട്ടേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി അംഗീകരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് വിവരം പ്രസിദ്ധപ്പെടുത്തി. ഇന്‍സ്റ്റിറ്റിയുട്ടിന്റെ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന ലോക രാജ്യങ്ങളിലെ ആദ്യ ആഭ്യന്തര മന്ത്രാലയമാണ് ഖത്വറിലെത്.

കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തി മന്ത്രാലയം സ്വീകരിക്കുന്ന പ്രവര്‍ത്തന, മാനേജ്‌മെന്റ് രീതികള്‍ വിലയിരുത്തലിനു വിധേയമാക്കിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുതിര്‍ന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് വിശദാംശങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വിശദീകരിച്ചു. മന്ത്രാലയത്തിനും വിവിധ വിഭാഹങ്ങള്‍ക്കുമിടയിലെ സേവനങ്ങള്‍, മന്ത്രാലയം ജീവനക്കാര്‍ക്കും ഗുണഭോക്താക്കള്‍ക്കുമിടയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മന്ത്രാലയം പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന അഭിപ്രായവും പ്രശസ്തിയും പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
രണ്ടു വര്‍ഷമായി നടത്തി വരുന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൗരന്‍മാര്‍, ഉപഭോക്താക്കള്‍, സഞ്ചാരികള്‍, ജീവനക്കാര്‍, മാധ്യമങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടയെല്ലാം അഭിപ്രായവും സ്വാധീനവും പരിഗണിച്ചു. മേഖലയിലെ മറ്റു സമാന മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം സംബന്ധിച്ചും വിശകലനം നടത്തി. ഓണ്‍ലൈനായും നേരിട്ടുമുള്ള സര്‍വേകള്‍, അഭിമുഖങ്ങള്‍, മാധ്യമ വാര്‍ത്തകള്‍, വിശകലനങ്ങള്‍ എന്നിവയെല്ലാം ഇന്‍സ്റ്റിറ്റിയൂട്ട് പരിഗണിച്ചു.
സ്ഥാപനത്തിന്റെ സ്വഭാവം വികസിപ്പിക്കുന്നതില്‍ ഖത്വര്‍ ആഭ്യന്തര മന്ത്രാലയം മികച്ച പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്ന് റപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യുട്ടീവ് പാര്‍ട്ട്ണര്‍ നിക്കോളാസ് ട്രാഡ് പറഞ്ഞു. ലോകത്തു തന്നെ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് ജേതാക്കള്‍ എന്ന നിലയില്‍ അഭിമാനാര്‍ഹമായ മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.