Connect with us

Gulf

'എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാത്തവര്‍ സന്ദര്‍ശക വിസയിലെത്തി തൊഴില്‍ തേടുന്നത് നിരുത്സാഹപ്പെടുത്തും'

Published

|

Last Updated

സിറാജ് മജ്‌ലിസില്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍
കെ മുരളീധരന്‍ സംസാരിക്കുന്നു

ദുബൈ: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ യു എ ഇയില്‍ സന്ദര്‍ശക വിസയിലെത്തി തൊഴില്‍ വിസ തേടുന്നത് നിരുത്സാഹപ്പെടുത്തുമെന്ന് ദുബൈ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍. അതേസമയം സന്ദര്‍ശക വിസയിലെത്തി തൊഴില്‍ വിസയില്‍ പ്രവേശിക്കുന്നതിന് ഇ സി എന്‍ ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് നോട്ട് റിക്വയേഡ്) കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് ഇന്ത്യന്‍ കാഴ്ചപ്പാടില്‍ കുഴപ്പമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറാജ് മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതിയായ വിദ്യാഭ്യാസമില്ലാത്തവരെ വിദേശത്തേക്ക് എത്തിച്ചു ചൂഷണം ചെയ്യുന്ന പ്രവണത കൂടിയതിനാലാണ് ഇത്തരക്കാരുടെ കുടിയേറ്റ നിയമം കര്‍ശനമാക്കിയത്. നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരമൊരു നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം കുറഞ്ഞവരെ കെണിയില്‍പെടുത്തുന്നത് കൂടിവരുന്നുണ്ട്. പലര്‍ക്കും സന്ദര്‍ശക വിസയിലാണ് ഗള്‍ഫിലേക്ക് വരുന്നതെന്ന തിരിച്ചറിവ് പോലുമില്ല. വിദേശങ്ങളില്‍ എത്തിച്ച ശേഷം ഇത്തരക്കാരെ കൂടുതല്‍ ചൂഷണത്തിന് വിധേയമാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന മതിയായ ശമ്പളം പോലുമില്ലാതെയാണ് ഇത്തരക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നത്. ചൂഷണ പ്രവണത തടയിടുവാനാണ് ഇന്ത്യന്‍ ഗവര്‍ണ്‍മെന്റ് അധികൃതര്‍ ശ്രമിക്കുന്നത്.

ഓരോ രാജ്യത്തിനും അതിന്റേതായ നിയമ സംഹിതകളുണ്ട്. അത് പാലിക്കാന്‍ അവിടെ തൊഴില്‍ തേടി എത്തുന്നവര്‍ ബാധ്യസ്ഥരാണ്. സമര മുഖത്തേക്ക് ഇറങ്ങുന്ന പ്രവണത തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. യു എ ഇയില്‍ തൊഴിലാളികളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്ന തൊഴില്‍ നിയമങ്ങളാണ് നിലവിലുള്ളത്. ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ ഉടമകളുമായി നയതന്ത്രജ്ഞതയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ദുബൈ കോണ്‍സുലേറ്റ് സ്മാര്‍ട് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ദുബൈ കോണ്‍സുലേറ്റുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിന് ഈ ആപ്ലിക്കേഷനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ കോണ്‍സുല്‍ സേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കോണ്‍സുലേറ്റ് ആപ്ലിക്കേഷന്റെ സാധ്യതകള്‍ എല്ലാവരും ഉപയോഗപ്പെടുത്തണം, അദ്ദേഹം വിശദീകരിച്ചു.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈ കോണ്‍സുലേറ്റും സദാസമയം സേവന സന്നദ്ധമാണ്. ഇന്ത്യന്‍ തൊഴിലാളികളും മറ്റ് താമസക്കാരും എപ്പോഴും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം, അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ വിസയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വാഗ്ദാനം ചെയ്യുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും പരിശോധിച്ചാല്‍ യുക്തിസഹമല്ലെന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളുടെ പേരിലാണ് ഇത്തരം തട്ടിപ്പുകള്‍. തൊഴിലന്വേഷകര്‍ വ്യാജ വിസാ മാഫിയയുടെ വലയില്‍ അകപ്പെടുന്നതിന് മുന്‍പ് വിസയില്‍ പരാമര്‍ശിച്ചിട്ടുള്ള കമ്പനികളെകുറിച്ചും വാഗ്ദാനങ്ങളെകുറിച്ചും വിദഗ്ധമായ അന്വേഷണം നടത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വസ്തുതകള്‍ മനസ്സിലാക്കിയെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാസ്‌പോര്ട്ട് നമ്പറിന് തൊട്ടുമുമ്പുള്ള ഇംഗ്ലീഷ് അക്ഷരം എല്ലാ രേഖകളിലും വ്യക്തമായി എഴുതി നല്‍കണം, അല്ലാത്ത പക്ഷം യാത്രാ നടപടികള്‍ക്ക് തടസ്സം നേരിടുന്ന സാഹചര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകാറുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു.

ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന കെ മുരളീധരനുള്ള സിറാജ് ദിനപത്രത്തിന്റെ ഉപഹാരം എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് കൈമാറി. യൂനുസ് മുച്ചുന്തി, സി പി ഷാജീവ്, മന്‍സൂര്‍ ആദം, ബശീര്‍ മലപ്പുറം, കരീം തങ്ങള്‍, ഫൈസല്‍ ചെന്ത്രാപ്പിന്നി, റാശിദ് പൂമാടം, ഫാസില്‍ അഹ്‌സന്‍ സംബന്ധിച്ചു.

 

Latest