Connect with us

Kerala

സമാന്തര പ്രവര്‍ത്തനങ്ങള്‍ സജീവം; മുജാഹിദ് ഗ്രൂപ്പുകള്‍ വീണ്ടും ഏറ്റുമുട്ടലിന്റെ പാതയില്‍

Published

|

Last Updated

മധ്യസ്ഥ ശ്രമങ്ങള്‍ക്കിടയിലും ഇരു വിഭാഗം മുജാഹിദുകളും പ്രവര്‍ത്തനം ശക്തമാക്കുന്നു. പഴയ മടവൂര്‍ വിഭാഗം ഐ എസ് എമ്മിന്റെ പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കെ എന്‍ എമ്മിന്റെ നേതൃത്വത്തിലും യുവജന വിഭാഗത്തെ ശക്തമാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ഇരു വിഭാഗവും കോഴിക്കോട്ട് നടത്തിയ വ്യത്യസ്ത പരിപാടികള്‍ തുറന്ന പോരാട്ടത്തിന്റെ പ്രഖ്യാപനമായി. ഐ എസ് എമ്മിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ കെ എന്‍ എമ്മിന്റെ നേതൃത്വത്തിലുളള ഐ എസ് എം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. നവോത്ഥാനം തീവ്രവാദമല്ല എന്ന പേരില്‍ മുന്‍ മടവൂര്‍ വിഭാഗം ഐ എസ് എം സംഘടിപ്പിക്കുന്ന സുവര്‍ണ ജൂബിലി പരിപാടിക്ക് ബദലായാണ് ക്യാമ്പയിന്‍.

കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ മടവൂര്‍ വിഭാഗം പ്രസിഡന്റുമായ സി പി ഉമര്‍ സുല്ലമി ഐ എസ് എമ്മിനോടൊപ്പം നില്‍ക്കുമ്പോള്‍, ഹുസൈന്‍ മടവൂര്‍ കെ എന്‍ എമ്മിനോടൊപ്പം സജീവമാണ്. ഹുസൈന്‍ മടവൂര്‍ തങ്ങളോടൊപ്പം വരുമെന്നാണ് ഐ എസ് എം വിഭാഗം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നലെ നടന്ന കെ എന്‍ എമ്മിന്റെ ഐ എസ് എം കണ്‍വെന്‍ഷനിലും ഹുസൈന്‍ മടവൂര്‍ പങ്കെടുത്തു. മടവൂരിനെ തങ്ങളോടൊപ്പം ഉറപ്പിച്ചുനിര്‍ത്താനാണ് ടി പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെ എന്‍ എം വിഭാഗം ശ്രമിക്കുന്നത്. ഏതാനും ദിവസം മുമ്പ് നടന്ന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത കെ എന്‍ എമ്മിന്റെ സംസ്ഥാന കണ്‍വെന്‍ഷനില്‍ വൈസ് പ്രസിഡന്റായ ഹുസൈന്‍ മടവൂരിനെയാണ് അധ്യക്ഷനാക്കിയത്. സംസ്ഥാന പ്രസിഡന്റായ ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടകനായി.
മുജാഹിദ് ഐക്യം നിലനിര്‍ത്തണമെന്നാണ് ഇന്നലെ നടന്ന കെ എന്‍ എമ്മിന്റെ ഐ എസ് എം കണ്‍െവന്‍ഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളക്ക് ശേഷം രൂപപ്പെട്ട ഐക്യം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ യുവജന വിദ്യാര്‍ഥി വിഭാഗങ്ങള്‍ ക്രിയാത്മകമായി ഇടപെടണം. പ്രാദേശികമായ ഐക്യത്തിനും യോജിപ്പിനും മുജാഹിദ് നേതൃത്വത്തോടൊപ്പം യുവാക്കളും മുന്നിട്ടിറങ്ങണം. പ്രതിനിധി സമ്മേളനത്തിന്റെ ആഹ്വാനം ഇങ്ങനെയാണ്. ശാഖാ പ്രസിഡന്റ്, സെക്രട്ടറി, മേഖലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ സംസ്ഥാന ഭാരവാഹികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തതെന്നും അവര്‍ അവകാശപ്പെടുന്നു.

അതേസമയം, ഇന്നലെ ജെ ഡി ടിയില്‍ ഐ എസ് എം സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള വിവാഹാലോചനാ സംഗമം ഐ എസ് എം വിഭാഗത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വിളംബരമായി. സി പി ഉമര്‍ സുല്ലമിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. ഐ എസ് എം ജന. സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയവരും പങ്കെടുത്തു. കെ എന്‍ എം സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ മദനി പാലത്ത് രണ്ട് പരിപാടിയിലും പങ്കെടുത്തതായി ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ട്. ഈ മാസം 17,18 തീയതികളില്‍ വെളിച്ചം ഖുര്‍ആന്‍ പഠിതാക്കളുടെ അന്താരാഷ്ട്ര സംഗമം നടത്തുമെന്ന് ഐ എസ് എം വിഭാഗം നേരത്തെ പ്രഖ്യാപിക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിന് ബദലായി ഇന്നലെ നടന്ന കെ എന്‍ എം കണ്‍വെന്‍ഷന്‍ മെയ് അഞ്ച,് ആറ് തീയതികളില്‍ ഐ എസ് എം യൂത്ത് മീറ്റും വെളിച്ചം ഖുര്‍ആന്‍ പദ്ധതിയുടെ പ്രഖ്യാപനവും നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വഴിപിരിഞ്ഞു സഞ്ചരിക്കുകയും സമാന്തര പരിപാടികളുമായി നീങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും ഇരു വിഭാഗവും ഇതുവരെയും ആര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുകയോ പകരം ആളുകളെ കണ്ടെത്തുകയോ ചെയ്തിട്ടില്ല. ഐ എസ് എമ്മിന്റെ ഭാരവാഹികളില്‍ സംസ്ഥാന പ്രസിഡന്റ് മാത്രമാണ് കെ എന്‍ എമ്മിനൊപ്പമുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ദുബൈയിലെ എ പി ശംസുദ്ദീന്‍, ഗള്‍ഫ് വ്യവസായിയായ ടി കെ സകരിയ്യ, പി കെ അഹ്മദ് തുടങ്ങിയവരാണ് മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്.