Kerala
ടി പി ആര്‍ കുറഞ്ഞിടത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം; ഖലീല്‍ തങ്ങള്‍

മലപ്പുറം | കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ടവരാണ് വിശ്വാസികള്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ വരെ വീടകങ്ങളിലൊതുക്കി നാടിന്റെയും സമൂഹത്തിന്റെയും രക്ഷക്കായി നിലകൊണ്ടു. വിവിധ മേഖലകളില്‍ ഉപാധികളോടെ ഇളവ് നല്‍കിയതുപോലെ ആരാധനാലയങ്ങളുടെ വിഷയത്തിലും ഇളവ് നല്‍കണം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണം.
പള്ളിയില്‍ വരുന്ന വിശ്വാസി കൃത്യമായും ആരോഗ്യ സംരക്ഷണം നടത്തിയാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അംഗസ്നാനമടക്കമുള്ള കാര്യങ്ങള്‍ വീട്ടില്‍ നിര്‍വഹിച്ച്, നിസ്‌കരിക്കാനുള്ള വിരിയടക്കം വിശ്വാസികള്‍ സ്വന്തമായി കൊണ്ടുവരുകയാണ്. ഒരു മാസത്തിലേറെയായി പൂട്ടിയിട്ട ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ കഷ്ടപ്പെടുന്ന അവസ്ഥയാണ്. ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് വരുന്നവരുടെ എണ്ണം നിജപ്പെടുത്തി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.