Connect with us

Kerala

നികുതി പരിധിയില്‍ വരാത്ത 1.43 ലക്ഷം കെട്ടിടങ്ങള്‍ കണ്ടെത്തി: നികുതിയിനത്തില്‍ നഗരസഭകള്‍ വീണ്ടെടുത്തത് 393.92 കോടി രൂപ

മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക ഉള്‍പ്പെടെ ഈ കെട്ടിടങ്ങള്‍ക്ക് 393.94 കോടി രൂപ നികുതി ചുമത്തി. ഇതില്‍ 108.92 കോടി രൂപ ഇതിനകം തന്നെ പിരിഞ്ഞുകിട്ടിയതായി മന്ത്രി എം ബി രാജേഷ്.

Published

|

Last Updated

തിരുവനന്തപുരം | ഒരു വര്‍ഷത്തെ പ്രയത്‌നത്തിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിട നികുതിയിനത്തില്‍ വീണ്ടെടുത്തത് 393.92 കോടി രൂപ. കെ സ്മാര്‍ട്ട് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭകളില്‍ കെട്ടിടങ്ങളുടെ ഡാറ്റ കൃത്യമാക്കുന്നതിനിടയിലാണ് കെ സ്മാര്‍ട്ട് ടീമിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ വിവിധ കാരണങ്ങളാല്‍ നഗരസഭയുടെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതും, നികുതിയുടെ പരിധിയില്‍ വരാത്തതുമായ 1,43,101 കെട്ടിടങ്ങള്‍ കണ്ടെത്തിയത്. പലതും വര്‍ഷങ്ങള്‍ പഴക്കമുള്ളവയായിരുന്നു. തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക ഉള്‍പ്പെടെ ഈ കെട്ടിടങ്ങള്‍ക്ക് 393.94 കോടി രൂപ നികുതി ചുമത്തി. ഇതില്‍ 108.92 കോടി രൂപ ഇതിനകം തന്നെ പിരിഞ്ഞുകിട്ടിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നഗരസഭകള്‍ക്കുള്ള തനത് ഫണ്ടാണ് വസ്തുനികുതി.

മുമ്പ് നിലവിലുണ്ടായിരുന്ന സഞ്ചയ സോഫ്റ്റ്വെയറില്‍ 8,30,737 രേഖകള്‍ നികുതി ചുമത്താനാവാതെ വര്‍ഷങ്ങളായി തുടരുകയായിരുന്നു. ഈ ഓരോ രേഖയും ഫീല്‍ഡ് പരിശോധന നടത്തി കൃത്യമാക്കിയും പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്തിയുമാണ് നഗരസഭകള്‍ നേട്ടം സ്വന്തമാക്കിയത്.

പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തിയതിലൂടെ 41.48 കോടി രൂപ ഓരോ വര്‍ഷവും നഗരസഭകള്‍ക്ക് അധികമായി ലഭിക്കും. കൊച്ചി കോര്‍പറേഷനിലാണ് ഏറ്റവുമധികം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തി നികുതി ചുമത്തിയത്. ലെഗസി ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വെയര്‍ തയ്യാറാക്കിയാണ് കെ സ്മാര്‍ട്ട് ടീം പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.