Kerala
കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികക്ക് 1.77 കോടി നഷ്ടപരിഹാരം
പ്രതിരോധ വകുപ്പില്‍ സീനിയര്‍ ഓഡിറ്ററായിരുന്ന ഗീതാകുമാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു

പത്തനംതിട്ട | കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ ഡിഫന്‍സ് ഉദ്യോഗസ്ഥയ്ക്ക് 1.77കോടി നഷ്ടപരിഹാരം നല്‍കാന്‍ എംഎസിടി കോടതി വിധിച്ചു.
ആറന്‍മുള ഇടശേരിമല മാവുനില്‍ക്കുന്നതില്‍ വിശ്വനാഥന്‍ നായരുടെ ഭാര്യ ഗീതാകുമാരിക്കാണ് (49) നഷ്ടപരിഹാരത്തുക അനുവദിച്ചത്.
2019 മാര്‍ച്ച് 19ന് ആറന്മുള തെക്കമലയില്‍ നിന്ന് ഇടശേരിമലയ്ക്ക് പോയ ഗീതാകുമാരിയുടെ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീതാകുമാരി അഞ്ച് മാസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. പ്രതിരോധ വകുപ്പില്‍ സീനിയര്‍ ഓഡിറ്ററായിരുന്ന ഗീതാകുമാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
പത്തനംതിട്ട വാഹനാപകട നഷ്ടരിഹാര ട്രൈബ്യൂണില്‍ മകന്‍ ജിതിന്‍ വി നായര്‍ ഹര്‍ജി നല്‍കിയത് കെഎസ്ആര്‍ടിസിയുടെ ഇന്‍ഷ്വറന്‍സ് കമ്പനി എതിര്‍ത്തു. ഗീതാകുമാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ അപകടം നടന്നത് മുതല്‍ റിട്ടയര്‍ ചെയ്തതുവരെയുള്ള കാലയളവിലെ ശമ്പളം മാത്രമേ നഷ്ടപരിഹാരമായി നല്‍കാന്‍ കഴിയൂവെന്നായിരുന്നു കമ്പനിയുടെ വാദം. ഇതു തള്ളി 1,36,45,018 രൂപ നഷ്ടപരിഹാരമായും ഒന്പത് ശതമാനം പലിശയും കോടതി ചെലവും ചേര്‍ന്ന് 1,77,73, 083 രൂപ ഗീതാകുമാരിക്ക് നല്‍കണമെന്ന് എംഎസിടി ജഡ്ജി എസ്.രാധാകൃഷ്ണന്‍ ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ മാത്യു ജോര്‍ജ്, കെ കെ ഹരികുമാര്‍ എന്നിവര്‍ ഹാജരായി.