First Gear
ആഗസ്റ്റില്‍ 1.81 ലക്ഷം വാഹനങ്ങള്‍; എങ്കിലും മാരുതിക്ക് ക്ഷീണം
2023 ആഗസ്റ്റില്‍ 1,89,082 വാഹനമാണ് കമ്പനി വിറ്റത്, നാല് ശതമാനം വില്‍പ്പന ഇടിഞ്ഞു

ഇന്ത്യന്‍ വാഹന വിപണിയില്‍ മേധാവിത്വം തുടര്‍ന്ന് മാരുതി സുസുക്കി. ആഗസ്ത് മാസം 1,81,782 വാഹനങ്ങളാണ് കമ്പനി നിരത്തിലിറക്കിയത്. അസംബ്ലിങ് വില്‍പ്പന, കയറ്റുമതി, ആഭ്യന്തര വില്‍പ്പന എന്നിവ ഉള്‍പ്പെടെയാണിത്. മറ്റ് വാഹന നിര്‍മാതാക്കളെ ബഹുദൂരം പിന്നിലാക്കിയാണ് മാരുതിയുടെ വില്‍പ്പനയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പന അപേക്ഷിച്ച് മാരുതി പിറകിലാണ്.
2023 ആഗസ്റ്റില്‍ 1,89,082 വാഹനമാണ് കമ്പനി വിറ്റത്. നാല് ശതമാനം വില്‍പ്പന ഇടിഞ്ഞു. കാര്‍, യൂട്ടിലിറ്റി, വാന്‍ തുടങ്ങി എല്ലാ മേഖലയിലും വില്‍പ്പന നേരിയ തോതില്‍ കുറഞ്ഞതാണ് മാരുതിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ക്ഷീണമായത്. കഴിഞ്ഞമാസം 69,406 പാസഞ്ചര്‍ കാറുകളാണ് കമ്പനി വിറ്റത്. 2023 ആഗസ്റ്റില്‍ ഇത് 85,509 യൂണിറ്റായിരുന്നു. യൂട്ടിലിറ്റി വാഹനങ്ങളും വാനുകളും ഉള്‍പ്പെടെ 143,075 പ്രൈവറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 156,114 യൂണിറ്റായിരുന്നു.
കാര്‍ വില്‍പ്പനയില്‍ മിനി സെഗ്മെന്റ്, കോംപാക്ട് സെഗ്മെന്റ്, മിഡ് സൈസ് സെഗ്മെന്റ് എന്നിവയില്‍ വില്‍പ്പന കുറഞ്ഞപ്പോള്‍ യുട്ടിലിറ്റി വെഹിക്കിള്‍സ് (UV’s) മോഡലുകളായ ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ, ജിംനി, തഘ6 എന്നിവയില്‍ വില്‍പ്പന കൂടി. ഈ മേഖലയില്‍ 62,684 കാറുകളാണ് മാരുതി വിറ്റത്. 2023 ആഗസ്തില്‍ ഇത് 58,746 ആയിരുന്നു. മാരുതി സുസുക്കിയുടെ കയറ്റുമതി 2023 ആഗസ്റ്റില്‍ 24,614 യൂണിറ്റായിരുന്നെങ്കില്‍ 2024 ആഗസ്റ്റില്‍ 26,003 യൂണിറ്റിലെത്തി.