Connect with us

National

കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ് കരണിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും; പഞ്ചാബ് മുഖ്യമന്ത്രി

ശുഭ്കരണിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശുഭ് കരണ്‍ സിങ്ങിന്റെ (23) കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. ശുഭ്കരണിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവകര്‍ഷകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ശുഭ്കരണ്‍ കൊല്ലപ്പെട്ടതില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ആഭ്യന്തര മന്ത്രി അനില്‍ വിജിനും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. രാജ്യമെമ്പാടുമുള്ള 40 കര്‍ഷക യൂണിയനുകളെ പ്രതിനിധീകരിക്കുന്നതാണ് സംയുക്ത കിസാന്‍ മോര്‍ച്ച. അവര്‍ ഫെബ്രുവരി 26ന് ദേശീയതലത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ അഖിലേന്ത്യാ അഖില കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നതാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.

അതേസമയം യുവകര്‍ഷകന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ ഹരിയാന പോലീസിന്റെ റബ്ബര്‍ ബുള്ളറ്റേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പുകയുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഹരിയാനയില്‍ കര്‍ഷകര്‍ പഞ്ച്കുള- യമുനഗര്‍ പാത ഉപരോധിച്ചു. ജലോലി ടോള്‍ പ്ലാസയിലും കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സൂചകമായി ഇന്ന് കരിദിനം ആചരിക്കും.

ഇന്ന് മുതല്‍ രാജ്യത്തുടനീളം കര്‍ഷകര്‍ തെരുവിലിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കര്‍ഷകന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി എഫ് ഐ ആര്‍ വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.കര്‍ഷകന്റെ മരണത്തെ തുടര്‍ന്ന് ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടുതല്‍ ശക്തിയോടെ മാര്‍ച്ച് നാളെ പുനരാരംഭിക്കും. പഞ്ചാബ് അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചാണ് ഹരിയാന പോലീസ് കര്‍ഷകര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചതെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ബീര്‍ സിംഗ് രാജ്വാള്‍ പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ ഐ പി സി സെക്ഷന്‍ 302 പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവകര്‍ഷകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായ ഹരീന്ദര്‍ പാല്‍ സിംഗ് ഹരജി നല്‍കി. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് അകാലി ദള്‍ നേതാവ് ദില്‍ജീത്ത് സിംഗ് ചീമ പ്രതികരിച്ചു.

നിലവിലെ സാഹചര്യം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ഓര്‍മപ്പെടുത്തുന്നുവെന്ന് കര്‍ഷക നേതാവ് ലഖ്വീന്ദര്‍ സിംഗ് ഔലാഖ് പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിലാണ് യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിംഗ് (23) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ബത്തിന്‍ഡ ജില്ലയിലെ ബല്ലോഹില്‍ നിന്നുള്ള കര്‍ഷകനായ ശുഭ്കരണ്‍ തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റാണ് മരിച്ചതെന്ന് രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹര്‍നാം സിംഗ് രേഖി പറഞ്ഞു.

 

 

 

 

 

Latest