Kerala
മുന്‍ മാനേജര്‍ പണം തട്ടിയ സംഭവം പി എന്‍ ബി കോഴിക്കോട് കോര്‍പ്പറേഷന് 10.07 കോടി തിരികെ നല്‍കി
രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ കോര്‍പ്പറേഷന് ബേങ്ക് കൈമാറിയിരുന്നു.
കോഴിക്കോട് | കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നും മുന്‍ മാനേജര്‍ തട്ടിയെടുത്ത 10.07 കോടി രൂപ തിരികെ നല്‍കി പഞ്ചാബ് നാഷണല്‍ ബേങ്ക്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് നടപടി. രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ കോര്‍പ്പറേഷന് ബേങ്ക് കൈമാറിയിരുന്നു.
അതേ സമയം പണം തട്ടിയ ബേങ്ക് മുന്‍ മാനേജര്‍ എം പി റിജിലിനെ ബന്ധു വീട്ടില്‍ വെച്ച് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് റിജിലിനെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോഴിക്കോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.
കോഴിക്കോട് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 12 കോടി 62 ലക്ഷം രൂപയാണ് റിജില്‍ തട്ടിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണത്തില്‍ വലിയൊരു പങ്കും ഓണ്‍ലൈന്‍ ചൂതാട്ടത്തിനടക്കം ചെലവഴിച്ചതായാണ് വിവരം. കോഴിക്കോട് കോര്‍പ്പറേഷന്റെതടക്കം 17 അക്കൗണ്ടുകളില്‍ നിന്നായി 21.29 കോടി രൂപ റിജില്‍ തിരിമറി നടത്തിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്.