Kerala
തുര്‍ക്കിക്കും സിറിയക്കും 10 കോടിയുടെ സഹായം; സംസ്ഥാന ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി, അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ച് കോടി.
തിരുവനന്തപുരം | സംസ്ഥാന ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂകമ്പത്തില്‍ വന്‍ ആള്‍നാശവും സ്വത്തു നാശവുമുണ്ടായ തുര്‍ക്കിക്കും സിറിയക്കും 10 കോടിയുടെ ദുരിതാശ്വാസം നല്‍കും.
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടിയും അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ച് കോടിയും വകയിരുത്തി. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെയാണ് ധനമന്ത്രി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, കണ്ണൂര്‍ വിമാനത്താവളം (ഒരുകോടി), സ്‌കൂളുകളില്‍ കായിക പരിശീലനം (മൂന്ന് കോടി), ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടി (20 ലക്ഷം), തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദസഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (ഒരുകോടി) എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.