Kerala
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന മന്ത്രിസഭാ യോഗം - ഫയൽ ചിത്രം
തിരുവനന്തപുരം | ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടിലാകും തുക കൈമാറുക.
മറ്റു മന്ത്രിസഭാ തീരുമാനമങ്ങൾ:
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കും
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പ്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്‍റെ കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകൾ പ്രചാരത്തിലാകുന്ന തരത്തിൽ പൊതു ബ്രാന്‍ഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്.
കൊച്ചിൻ ഇന്‍റര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി മാതൃകയിൽ സംസ്ഥാന സർക്കാരിന്‍റെ 33% ഓഹരി വിഹിതവും കർഷകരുടെ 24% ഓഹരി വിഹിതവും, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25% ഓഹരി വിഹിതവും ഉൾപ്പെടും.
കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്‍റെ പ്രതിനിധി, കേരള അഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരുമാകും.
ചികിത്സാസഹായം
പ്രശസ്ത സിനിമാ സംവിധായകരായ കെ. ജി ജോർജ്ജ്, എം. മോഹന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.
സ്വാതന്ത്ര്യദിന പരേഡ്
2023-ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.
ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍:
കൊല്ലം – അഡ്വ. ആന്‍റണി രാജു
പത്തനംതിട്ട – കെ.എൻ. ബാലഗോപാൽ
ആലപ്പുഴ – പി. പ്രസാദ്
കോട്ടയം – റോഷി അഗസ്റ്റിൻ
ഇടുക്കി – വി.എൻ. വാസവൻ
എറണാകുളം – കെ. രാധാകൃഷ്ണൻ
തൃശ്ശൂര്‍ – കെ. രാജൻ
പാലക്കാട് – കെ. കൃഷ്ണന്‍കുട്ടി
മലപ്പുറം – വി. അബ്ദുറഹ്മാൻ
കോഴിക്കോട് – അഹമ്മദ് ദേവർകോവിൽ
വയനാട് – എ.കെ. ശശീന്ദ്രൻ
കണ്ണൂര്‍ – അഡ്വ. പി.എ. മുഹമ്മദ് റിയാസ്
കാസര്‍കോട് – എം.ബി. രാജേഷ്
തസ്തിക
കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ സ്ഥാപിക്കുന്നതിനും പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനുമായി സാങ്കേതിക വിദഗ്ദ്ധരുടെ 9 തസ്തികകൾ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ചീഫ് റെസിലിയൻസ് ഓഫീസർ, ക്ലൈമറ്റ് ചെയ്ഞ്ച് അസസ്സ്മെന്‍റ് സ്പെഷ്യലിസ്റ്റ്, കാർബൺ ഓഡിറ്റിംഗ് ഓഫീസർ, കാർബൺ ക്യാപ്ചർ ആൻഡ് യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ്, കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ, സയന്‍സ് കണ്ടന്‍റ് റൈറ്റര്‍, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, മള്‍ട്ടി ടാസ്കിംഗ് ഓഫീസര്‍, അക്കൗണ്ടന്‍റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
കാസർഗോഡ് ജില്ലയിലെ ബേഡഡുക്കയിൽ പുതിയതായി സ്ഥാപിച്ച ആട് ഫാമിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തിക, ഒരു താത്കാലിക അറ്റന്‍റന്‍റ് തസ്തിക എന്നിവ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റില്‍ സേവക്മാരുടെ 47 അധിക തസ്തികകള്‍ 25,300 രൂപ കണ്‍സോളിഡേറ്റഡ് ശമ്പള വ്യവസ്ഥയില്‍ സൃഷ്ടിക്കും.
കെ.എ.എസ് ട്രെയിനി തസ്തികയ്ക്ക് പുതുക്കിയ ശമ്പള സ്കെയിൽ
കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയ്ക്ക് 77,200 – 1,40,500 (രൂപ) എന്ന പുതുക്കിയ ശമ്പള സ്കെയിൽ അനുവദിക്കാന്‍ തീരുമാനിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം ഗ്രേഡ്പേ അനുവദിക്കും. പുതിയ ശമ്പള സ്കെയിൽ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 01.07.2023 മുതൽ അനുവദിക്കും. സർക്കാർ സർവ്വീസിൽ ഉണ്ടായിരുന്ന ശേഷം കെ.എ.എസില്‍ പ്രവേശിച്ചവർക്ക് ഇപ്പോൾ നിർദേശിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളം നിലവിൽ ലഭിക്കുന്നുണ്ടെങ്കില്‍ അത് സംരക്ഷിച്ചു നൽകും.
കാലാവധി ദീര്‍ഘിപ്പിച്ചു
വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പുനർനിയമന വ്യവസ്ഥയിൽ നിയമിതനായ വി.ശിവരാമകൃഷ്ണന് 13.06.2023 മുതൽ ഒരു വർഷത്തേക്ക് നിയമന കാലാവധി ദീർഘിപ്പിച്ച് നൽകി.
സർക്കാർ ഗ്യാരന്‍റി
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്ക് അധിക സർക്കാർ ഗ്യാരന്‍റി അനുവദിക്കും.
സ്റ്റോഴ്സ് പർചെയ്സ് മാന്വലിലെ വ്യവസ്ഥകളിൽ ഇളവ്
കയർഫെഡ് ഉൽപന്നങ്ങൾ കേരളത്തിലെ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ടെന്‍ഡര്‍/ ക്വട്ടേഷന്‍ കൂടാതെ വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി. കയർ ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് കയർഫെഡ് ഉൽപ്പന്നങ്ങളായ കയർ മാറ്റുകൾ, റബ്ബറൈസ്ഡ് കയറുൽപ്പന്നങ്ങൾ (മാട്രസ്സ്), ചകിരിച്ചോറ് കമ്പോസ്റ്റ്, കൊക്കോപോട്ട് എന്നിവ ടെൻഡർ നടപടിക്രമങ്ങൾ കൂടാതെ സർക്കാർ സ്ഥാപനങ്ങൾക്കു വിതരണം ചെയ്യുന്നത് പരിഗണിച്ചാണിത്. കയർഫെഡിന്‍റെ ആവശ്യം പ്രത്യേക കേസായി പരിഗണിച്ച് സ്റ്റോഴ്സ് പർചെയ്സ് മാന്വലിലെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കും.
പ്രത്യേക പുനരധിവാസ പാക്കേജ്
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു. മാനദണ്ഡ പ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ 5,40,000/- രൂപ അധിക സഹായമായി നൽകി ഒരു കുടുംബത്തിന് ആകെ 10,00,000/- രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക. കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ചാണിത്.
മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈമാറും
മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് മാത്രമായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകും. ഓരോ കേസും പ്രത്യേകം പരിഗണിച്ച്, ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാകും ഇത്. ഇത്തരത്തിൽ കൈമാറി ലഭിക്കുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് പുറപ്പെടുവിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.
മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും
അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സിന്‍റെ പേരില്‍ ഡിഫറന്‍റ് ആര്‍ട്ട്സ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് കാസര്‍കോട് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ കണ്ടെത്തിയ ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും. 36,05,745 രൂപയാണ് ഒഴിവാക്കി നല്‍കുക. തിരുവനന്തപുരത്ത് ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന്‍റെ മാതൃകയിലുള്ള സ്ഥാപനമാണ് കാസര്‍കോട് വരിക.
കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ – 2023ന്‍റെ കരടിന് അംഗീകാരം
കേരള സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കേരള സർക്കാർ നിയമിച്ച വിവിധ കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ സംഭരണം, വർഗ്ഗീകരണം, സംരക്ഷണം, ഭരണ നിർവ്വഹണം, നിയന്ത്രണം എന്നിവ നിർവ്വഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ – 2023ന്‍റെ കരടിന് അംഗീകാരം നല്‍കി.
ട്രാവന്‍കൂര്‍ പാലസ് മാനേജ്മെന്‍റ് സൊസൈറ്റി കേരള ചട്ടങ്ങള്‍ അംഗീകരിച്ചു
ട്രാവന്‍കൂര്‍ പാലസ് മാനേജ്മെന്‍റ് സൊസൈറ്റി കേരള (ടി പി എം എസ്) രൂപീകരിക്കുന്നതിനുള്ള കരട് മെമൊറാണ്ടം ഓഫ് അസൊസിയേഷന്‍, ചട്ടങ്ങള്‍ എന്നിവ അംഗീകരിച്ചു.
ശമ്പള പരിഷ്ക്കരണം
കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യങ്ങള്‍ അനുവദിക്കും.
കരട് ബില്‍ അംഗീകരിച്ചു
2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് കീഴിലുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധികാരം നൽകും. ഇത് ഉള്‍പ്പെടുത്തി 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ചു.