National
യുപിയില്‍ രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി
സംഭവത്തില്‍ കടയുടമ ബാബുറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലക്‌നോ|യുപി ശ്രാവസ്തിയിലെ ബാലാപൂര്‍ മേഖലയില്‍ രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് കടയുടമ പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലിയതായി പരാതി. കുട്ടി തന്റെ കടയില്‍ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചുവെന്നറിഞ്ഞ കടയുടമ കുട്ടിയുടെ കൈകളും കാലുകളും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
കുട്ടിയെ മര്‍ദിക്കാന്‍ കടയുടമയ്‌ക്കൊപ്പം മറ്റു മൂന്നുപേരും ഉണ്ടായിരുന്നു. കുട്ടിയെ മര്‍ദിക്കുമ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായതിനെ തുടര്‍ന്നാണ് കടയുടമയ്‌ക്കെതിരെ പോലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് കടയുടമ ബാബുറാമിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
തൂണില്‍ കെട്ടിയിട്ടാണ് കുട്ടിയെ കടയുടമയും കൂട്ടാളികളും മര്‍ദിച്ചത്. എന്നാല്‍ രാത്രി മുഴുവന്‍ നിലവിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല. കുട്ടിയെ അഴിച്ചുവിടാനും ആരും തയ്യാറായിരുന്നില്ല. എന്നാല്‍ കുട്ടി എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയെ പോലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയെ കണ്ടെത്താനായി ഊര്‍ജിത ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.