Kerala
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ 10 വയസുകാരിയുടെ മരണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള അസോസിയേഷന്‍
കോടതി ഉത്തരവുമായി എത്തിയിട്ടും താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് അസോസിയേഷന്‍ കോടതിയെ അറിയിക്കും.
കൊച്ചി | ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തു വയസുകാരി നിദാ ഫാത്വിമ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍. താമസ സൗകര്യവും കൃത്യമായ ഭക്ഷണവും കിട്ടാത്തതിനാല്‍ താത്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ കഴിഞ്ഞിരുന്നത്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് അസോസിയേഷന്‍ കോടതിയെ അറിയിക്കും.
കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് മലയാളി താരം നിദ ഫാത്വിമയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതു കൊണ്ടാണ് കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കാതിരുന്നത്.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയുമാണ് നിദ ഫാത്വിമ ഉള്‍പ്പെടെ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങള്‍ നാഗ്പൂരിലെത്തിയത്. എന്നാല്‍ സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളക്ക് മാത്രമാണ്. രണ്ട് അസോസിയേഷനുകള്‍ക്ക് കീഴില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകളാണ് നാഗ്പൂരില്‍ എത്തിയത്.
കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി കിട്ടിയത് ഒരാഴ്ച മുമ്പത്തെ ഹൈക്കോടതി വിധിയിലൂടെയാണ്. 2013 മുതല്‍ ദേശീയ ഫെഡറേഷനും കേരള സൈക്കിള്‍ പോളോ അസോസിയേഷനും തമ്മില്‍ തര്‍ക്കം നടന്നവരുന്നതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള താരങ്ങള്‍ക്ക് മത്സരിക്കാന്‍ എല്ലാ വര്‍ഷവും കോടതി വിധി വേണമെന്നതാണ് അവസ്ഥ.
2013ല്‍ കേരളത്തില്‍ നിന്ന് പോയ സൈക്കിള്‍ പോളോ ടീമിലെ വനിത താരവും ദേശീയ ഫെഡറേഷനിലെ അമ്പയറായ മലയാളിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ 2015 ല്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ അഗീകാരം റദ്ദാക്കിയിരുന്നു. ദേശീയ ഫെഡറേഷന്‍ രൂപംകൊടുത്ത എറണാകുളം ആസ്ഥാനമായ സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളക്ക് എല്ലാ സഹായവും നല്‍കുകയും ചെയ്തു.
അന്തരിച്ച നിദാ ഫാത്വിമയുടെ പിതാവ് ഷിഹാബ് ഇന്നലെ രാത്രിയോടെ നാഗ്പൂരിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരികയാണ്.