Ongoing News
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമില്‍ 100 കോടി ഫോളോവേഴ്‌സ്; വീണ്ടും റെക്കോര്‍ഡിട്ട് സി ആര്‍ സെവന്‍
ഫേസ് ബുക്കില്‍ 17 കോടി, എക്സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്സ്‌ക്രൈബേഴ്സ് ആണ് ക്രിസ്റ്റ്യാനോയെ ഫോളോ ചെയ്യുന്നത്.
റിയാദ് | റെക്കോര്‍ഡുകളുടെ കളിത്തോഴനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സാമൂഹിക മാധ്യമങ്ങളിലും റെക്കോര്‍ഡ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 900 ഗോള്‍ എന്ന നേട്ടം അടുത്തിടെ സ്വന്തമാക്കിയ സി ആര്‍ സെവന്‍ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലുമായി 100 കോടി ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ വ്യക്തിയെന്ന അപൂര്‍വ ബഹുമതിയും നേടിയെടുത്തിരിക്കുകയാണ്. സാമൂഹിക മാധ്യമത്തിലൂടെ റൊണാള്‍ഡോ തന്നെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഫേസ് ബുക്കില്‍ 17 കോടി, എക്സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്സ്‌ക്രൈബേഴ്സ് ആണ് ക്രിസ്റ്റ്യാനോയെ ഫോളോ ചെയ്യുന്നത്. ആഗോള ജനസംഖ്യയുടെ എട്ട് ശതമാനത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. ചൈനീസ് പ്ലാറ്റ്‌ഫോമുകളായ വെയ്‌ബോയ്, കുഐഷൂവ് എന്നിവയിലും താരത്തിന് അനവധി ഫോളോവേഴ്സുണ്ട്.
നമ്മള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഫോളോവേഴ്‌സിനെ സംബോധന ചെയ്തുകൊണ്ട് റൊണാള്‍ഡോ പറഞ്ഞു. ‘100 കോടി ഫോളോവേഴ്സ് എന്നത് വെറുമൊരു സംഖ്യ മാത്രമല്ല. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആരാധനയുടെയും ആവേശത്തിന്റെയും സ്‌നേഹത്തിന്റെയും നിദര്‍ശനമാണ്. മഡെയ്റയിലെ തെരുവുകള്‍ തുടങ്ങി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൈതാനങ്ങളില്‍ വരെ ഞാന്‍ എന്റെ കുടുംബത്തിനും നിങ്ങള്‍ക്കും വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഇന്ന് നമ്മള്‍ 100 കോടി പേര്‍ ഒന്നിച്ചിരിക്കുന്നു. എല്ലാ ഉയര്‍ച്ച-താഴ്ചകളിലും എന്നോടൊപ്പം നിങ്ങളുണ്ടായിരുന്നു. നേടാനാകുന്ന കാര്യങ്ങള്‍ക്ക് പരിധികളില്ലെന്ന് നാം തെളിയിച്ചു. എന്നെ വിശ്വസിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി.’-റൊണാള്‍ഡോ കുറിച്ചു.
മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും നമ്മള്‍ ഒരുമിച്ച് മുന്നേറി വിജയം കൈവരിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.