Uae
100 കോടി ഭക്ഷണപ്പൊതികള്‍; 20 ലക്ഷം ദിര്‍ഹം നല്‍കി എം എ യൂസഫലി
ഈ മഹത്തായ മാനുഷിക സംരംഭത്തിന്റെ ഒരു ഭാഗവാക്കാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു
അബുദബി | അമ്പത് രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ (വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി) നല്‍കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പദ്ധതിയിലേക്ക് 20 ലക്ഷം ദിര്‍ഹം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്, യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാഷിദ് ചാരിറ്റബിള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്.
ഈ മഹത്തായ മാനുഷിക സംരംഭത്തിന്റെ ഒരു ഭാഗവാക്കാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നല്‍കുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് എന്നതാണ് ഈ പദ്ധതി ലോകത്തിന് നല്‍കുന്ന സന്ദേശം. വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ദുബായ് ഭരണാധികാരിയുടെ ഈ പ്രവര്‍ത്തനത്തെ മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ പദ്ധതിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം (2021) 100 മില്യണ്‍ മീല്‍സ് പദ്ധതിയിലൂടെ 220 മില്യണ്‍ ആളുകള്‍കള്‍ക്കാണ് ഭക്ഷണമെത്തിക്കാന്‍ സാധിച്ചത്.
ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേല്‍ യുഎഇയുടെ കാരുണ്യവര്‍ഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വര്‍ഗം, വര്‍ണം രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം.
ഇത് തുടര്‍ച്ചയായ മുന്നാം വര്‍ഷമാണ് ഭക്ഷണപ്പൊതി പദ്ധതിയില്‍ യൂസഫലി പങ്കാളിയാകുന്നത്. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയില്‍ 10 ലക്ഷം ദിര്‍ഹമാണ് യൂസഫലി നല്‍കിയത്.
പലസ്തീന്‍, ജോര്‍ദാന്‍, സുഡാന്‍, ബ്രസീല്‍, കെനിയ, ഘാന, അംഗോള, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ്, എതോപ്യ, കിര്‍ഗിസ്ഥാന്‍ ഉള്‍പ്പെടെ അമ്പത് രാജ്യങ്ങളിലെ നൂറു കോടി ആളുകള്‍ക്കാണ് ഭക്ഷണ സഹായം എത്തിക്കുന്നത്.