Connect with us

Ongoing News

100 കോടി ഭക്ഷണ പദ്ധതി; 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) നല്‍കി എം എ യൂസുഫലി

മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്.

Published

|

Last Updated

അബൂദബി | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്.

മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ യു എ ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കുന്നതെന്ന് യൂസുഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഈ പദ്ധതി ലോകത്തിനു യു എ ഇ നല്‍കുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം പ്രതികരിച്ചു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് യു എ ഇ. അര്‍ഹരായവരെ പിന്തുണക്കാനും അശരണര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

റമസാന്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നൂറു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും. റമസാന്റെ ആദ്യ ആഴ്ച പിന്നിടും മുമ്പേ 25 കോടി ദിര്‍ഹമാണ് സംഭാവനയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികള്‍ക്കും പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കാനാവും. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് അര്‍ഹരിലേക്ക് സഹായം എത്തുക.

 

---- facebook comment plugin here -----

Latest