Kerala
ആന്റണി രാജുവിനേയും കോവൂരിനേയും അജിത് പവാര്‍ പക്ഷത്തെത്തിക്കാന്‍ നൂറ് കോടി; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം
ഇത് സംബന്ധിച്ച പരാതി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | ആന്റണി രാജുവിനേയും കോവൂര്‍ കുഞ്ഞുമോനേയും എന്‍സിപി അജിത് പവാര്‍ പക്ഷത്ത് എത്തിക്കാന്‍ തോമസ് കെ തോമസ് എംഎല്‍എ 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന് ആരോപണം. ഇത് സംബന്ധിച്ച പരാതി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.
ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെയും ആന്റണി രാജുവിനേയും കണ്ടു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്.എന്നാല്‍ കോഴ ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിച്ചു. എന്നാല്‍ ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. ഇതോടെ തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് അറിയുന്നത്. എല്‍ഡിഎഫ് പക്ഷത്തുനിന്നുള്ള രണ്ട് എംഎല്‍എമാരെ കോഴ നല്‍കി മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ച ഒരാളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.
കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. അതേസമയം, കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നല്‍കിയത്. ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു.
മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല സമീപനമല്ലായിരുന്നു മുഖ്യമന്ത്രിയുടേത്