Kerala
ഒരു കുടുംബത്തിനല്ല, ഒരാൾക്കാണ് 100 ലിറ്റർ വെള്ളം; നാക്കുപിഴയിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ
പുറത്ത് നടക്കുന്നത് തെറ്റിദ്ധരിപ്പിക്കൽ ശ്രമമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം | ഒരു കുടുബത്തിന് ഒരു ദിവസം 100 ലിറ്റർ മതിയാകുമെന്ന വാദത്തിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്ത്. വെള്ളക്കര വർധന പിൻവലിക്കില്ലെന്ന് നിയമസഭയിൽ സമർഥിക്കുന്നതിനിടെയാണ് മന്ത്രിയുടെ അബദ്ധം.
സംഭവത്തിൽ പുറത്ത് നടക്കുന്നത് തെറ്റിദ്ധരിപ്പിക്കൽ ശ്രമമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി പറയുന്നത്. ഒരാൾക്ക് 100 ലിറ്റർ എന്നാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തില് ഒരു കുടുംബത്തിൻ്റ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര് എന്നാണ് കണക്കുകള് പറയുന്നത്. ജലജീവന് മിഷന് പദ്ധതിയില് കേന്ദ്രത്തിൻ്റെ കണക്കുകള് പ്രകാരം ഒരാള് പ്രതിദിനം 55 ലിറ്റര് ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര് എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില് 500 ലിറ്റര് എന്നു കണക്കു കൂട്ടുകയാണെങ്കില് മാസം 15000 ലിറ്റര് ജലഉപഭോഗം വരും. ബിപിഎല് കുടുംബങ്ങള്ക്ക് 15000 ലിറ്റര് വരെ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില് സൂചിപ്പിക്കാന് ശ്രമിച്ചത്. ഒരാള് ദിവസം 100 ലിറ്റര് വെള്ളം മാത്രം ഉപയോഗിച്ചാല് മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്.