Connect with us

wagon tragedy

ആ കൂട്ടക്കൊലക്ക് 100 വയസ്സ്

1920 നവംബർ 19 ന് നടന്ന വാഗൺട്രാജഡിക്ക് നൂറ് വർഷം

Published

|

Last Updated

ന്ത്യ സ്വതന്ത്രമാണിന്ന്. നമ്മുടെ നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവരെ നാം ഓർക്കുന്നുണ്ടോ? നാട് വെടിഞ്ഞും ജീവൻ ത്യജിച്ചും ബ്രിട്ടീഷുകാരോട് പൊരുതിയവർ ഉയർത്തിപ്പിടിച്ച ആശയാദർശങ്ങൾ ഇന്നത്തെ തലമുറക്കു മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് സവർണ കണ്ണാടിയിലൂടെ ചിലർ രാജ്യത്തെ വീക്ഷിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം ഇന്ത്യക്കാരും   മതേതര കാഴ്ചപ്പാടോടുകൂടിയാണ് സ്വാതന്ത്യ സമരത്തെ നേരിട്ടത് .. എന്നാൽ സ്വാതന്ത്ര്യാനന്തരം സ്വാതന്ത്ര്യസമരങ്ങളേയും പ്രസ്ഥാനങ്ങളേയും വിഭാഗീയതയുടേയും വർഗീയതയുടേയും കണ്ണുകൊണ്ടു പലരും നോക്കിക്കണ്ടു. ഇത്തരം വീക്ഷണത്തിന് വിധേയമായ സംഭവമാണ് 1921 ലെ മലബാർ സ്വാതന്ത്യ സമരവും ഈ സമര പോരാളികളെ നിഷ്ഠുരമായി കൊന്ന വാഗൺ ട്രാജഡിയും. സ്വാതന്ത്ര്യസമരത്തിൽ ജാലിയൻ വാലാബാഗിന്റെ തുല്യമായ സ്ഥാനമുണ്ട് വാഗൺ ട്രാജഡിക്ക്. 1919 ഏപ്രിൽ 13ന് ‘ പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാബാഗ് കൂട്ട വെടിവെപ്പിൽ നാനൂറോളം പേർ കൊല്ലപ്പെട്ടു. ബ്രിട്ടിഷ് പോലീസ് മേധാവി ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ എച്ച് ഡയറാണ് ഈ കൂട്ടകൊലക്ക് നേതൃത്വം നൽകിയത്. എന്നാൽ ജാലിയൻവാലാബാഗ് ലോക പ്രശസ്തമാണ്. വാഗൺ ട്രാജഡിയാവട്ടെ കേവലം ഒരു ദുരന്തം മാത്രവും?!.

ബ്രിട്ടീഷ് സർക്കാറിനും അവരുടെ ഏജൻസികളായി വർത്തിച്ച ജന്മിമാർക്കുമെതിരെ, മലബാറിലെ ഖിലാഫത്ത്- കോൺഗ്രസ് സംയുക്തമായി നടത്തിയ സമരമായിരുന്നു 1921 ലെ മലബാർ സമരം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ തുടങ്ങിയ ഖിലാഫത്ത് നേതാക്കളും മാധവൻ നായർ, കെ പി കേശവമേനോൻ, മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ് തുടങ്ങിയ കോൺഗ്രസ് നേതാക്കളുമാണ് ഈ സമരത്തിന് ചുക്കാൻ പിടിച്ചത്. ഇവരെ ആശീർവദിക്കാൻ ഗാന്ധിജിയും അലി സഹോദരന്മാരും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റിന് വലിയ ഭീഷണിയായി മലബാർ സമരം. ഇതെല്ലാം കണ്ടറിഞ്ഞതുകൊണ്ടുതന്നെയാണ് ഇംഗ്ലീഷുകാർ ഈ സമരത്തെ ക്രൂരമായി അടിച്ചമർത്തിയത്.

1921 ലെ മലബാർ  സമരത്തിൽ 12,000 ത്തോളം പേർ വധിക്കപ്പെട്ടു. അത്രതന്നെ ആളുകളെ അന്തമാനിലേക്കും മറ്റും നാടുകടത്തപ്പെട്ടു. നിരവധി പേർ ജയിലിലായി. അര ലക്ഷത്തോളം ആളുകൾ പോലീസ് പട്ടാള പീഡനം മൂലം  വികൃതവും നിന്ദ്യവുമായ രൂപത്തിലായി. വൃദ്ധന്മാരേയും കുഞ്ഞുങ്ങളേയും ബൂട്ടിട്ട് ചവിട്ടുകയും ബയണറ്റു കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഭവനഭേദനം നടത്തിയും സ്ത്രീകളെ മാനഹാനി വരുത്തിയും ബ്രിട്ടീഷ് സൈനികർ നാട്ടിൽ സ്വൈര്യവിഹാരം നടത്തി. എന്നിട്ടും പ്രതികാരം തീരാഞ്ഞിട്ട് പല വീടുകളും ചുട്ടുചാമ്പലാക്കി. ഇങ്ങനെ അതിക്രൂരമായാണ് മലബാറിലെ സമരക്കാരോട്, പ്രത്യേകിച്ച്  ഖിലാഫത്ത് നേതാക്കന്മാരോട് ഇംഗ്ലീഷുകാർ പെരുമാറിയത്. ഇതിൽ മനുഷ്യചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരധ്യായമായിരുന്നു 1921 നവമ്പർ 19ന് തിരൂരിൽ നിന്ന് കോയമ്പത്തൂർ ജയിലിലിലേക്ക് കൊണ്ട് പോയ സ്വാതന്ത്ര്യ പോരാളികൾക്ക് ഉണ്ടായ ദുരന്തം അഥവാ വാഗൺ ട്രാജഡി.

സമരത്തിൽ പങ്കെടുത്തവരും അല്ലാത്തവരുമായി നിരവധിപേരെ അറസ്റ്റുചെയ്തു. കേരളത്തിലെ ജയിലുകളിൽ ഇവരെ കൊള്ളാതായപ്പോൾ സംസ്ഥാനത്തിനു വെളിയിൽ കൊണ്ടുപോകാൻ ഭരണാധികാരികൾ നിർബന്ധിതരായി. കേണൽ ഹംഫ്രീഡ്, സ്പെഷ്യൽ ഓഫീസർ ഇവാൻസ്, ഡി വൈ എസ് പി ഹിച്ച് കോക്ക് എന്നിവർക്കായിരുന്നു ഈ ജയിൽ മാറ്റ ഉത്തരവാദിത്തം. രണ്ടായിരത്തോളം സ്വാതന്ത്ര്യസമരസേനാനികളെ 32 തവണകളായി ഇവർ കേരളത്തിന് വെളിയിൽ  കൊണ്ടുപോയി. ആദ്യമാദ്യം തുറന്ന വാഹനങ്ങളിലായിരുന്നു സമരക്കാരെ ജയിലിലേക്ക്  കൊണ്ടുപോയിരുന്നത്. പിന്നീട് സുരക്ഷയുടെ  പേരിൽ വാഗണിലാക്കി യാത്ര. വാഗൺ പുറത്തുനിന്ന് ബന്ധിപ്പിക്കുമായിരുന്നെങ്കിലും ഓരോ റെയിൽവേ സ്റ്റേഷനിലെത്തുമ്പോഴും തുറക്കുകയും സേനാനികൾക്കാവശ്യമായ ഭക്ഷണപാനീയങ്ങൾ നൽകുകയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ അവസരം കൊടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, കേവലം 30 പേർ മാത്രം ഉൾക്കാള്ളാൻ സൗകര്യ മുള്ള 1711 -ാം നമ്പർ വാഗണിൽ നൂറുപേരെ കുത്തിനിറച്ച് തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പതിവുപോലെ സ്റ്റേഷനുകളിൽ വാതിൽ തുറന്നില്ല. അതിലുള്ളവർക്ക് വായുവോ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ അങ്ങേയറ്റം വിഷമിച്ചു. ജീവസ്സുറ്റ നൂറു മനുഷ്യരുമായി തിരൂരിൽ നിന്നും പുറപ്പെട്ട വാഗൺ ലക്ഷ്യസ്ഥാനമായ കോയമ്പത്തൂരിനടുത്ത പോത്തനൂരിലെത്തിയപ്പോൾ 56 ജഡങ്ങളും  ചേതനയറ്റ ഏതാനും മനുഷ്യാകോലങ്ങളുമായിന്നു. ജീവനോടെ അവശേഷിച്ചവരിൽ 14 പേർ രണ്ടുദിവസത്തിനകം മരിച്ചു. വാഗണിന്റെ ആണിയടിച്ച ദ്വാരങ്ങളിലൂടെ മാറി മാറി ശ്വസിച്ചും മറ്റുമാണ് ഏതാനും പേർ ജീവൻ നിലനിർത്തിയത്. മരിച്ചവരിൽ മൂന്നു പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം മുസ്ലിംകളായിരുന്നു. മരിച്ചവരെ  അവിടെ ഇറക്കാതെ അതേ വാഗണിൽത്തന്നെ തിരിച്ച്  മലപ്പുറം തിരൂരിലേക്ക് അയച്ചു. തിരൂരിലെ കോരങ്ങത്ത് പള്ളിയിൽ ഖബറടക്കി. മൃതദേഹം ഏറ്റുവാങ്ങി മറവുചെയ്യാൻ മുന്നിട്ടിറങ്ങിയവർ കൈനിക്കൽ മമ്മിഹാജി, പാറപ്പുറത്ത് മുഹമ്മദ് സാഹിബ് തുടങ്ങിയ സാമൂഹിക പ്രവർത്തകരായിരുന്നു.

അതിക്രൂരമായ ഈ സംഭവത്തെ സമരനായകർക്കുമേലുള്ള ഇംഗ്ലീഷുകാരുടെ വിജയമായിട്ടാണ് ഗവൺമെന്റ് കരുതിയതെങ്കിലും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇംഗ്ലീഷുകാരുൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളും പത്രങ്ങളും ഉയർന്ന വ്യക്തിത്വങ്ങളും അപലപിക്കുകയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തപ്പോൾ അവരെ നിശ്ശബ്ദരാക്കാൻ ഗവൺമെന്റ് നിർബന്ധിതരായി. കൂടാതെ അന്നത്തെ കേന്ദ്ര നിയമനിർമാണ സഭാംഗമായിരുന്ന മുഹമ്മദലി ഷംനാട് വാഗൺ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  വൈസ്രോയിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകി. തൽഫലമായി ഒരു ഇംഗ്ലീഷുകാരനും മൂന്ന് ഇന്ത്യക്കാരും അടങ്ങുന്ന ഒരു കമ്മീഷനെ ഗവൺമെന്റ് നിയമിച്ചു. എ ആർ നേപ്, അബ്ബാസ് അലി, മഞ്ചേരി എസ്. രാമയ്യർ, ഖാൻ ബഹദൂർ കല്ലടി മൊയ്തീൻ കുട്ടി സാഹിബ് എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. ബ്രിട്ടീഷുകാരനായ നേപ് ആവശ്യപ്പെടുന്നിടത്ത് ഒപ്പിട്ടുകൊടുക്കുന്നതിൽ മറിച്ചൊന്നും അന്വേഷണ കമ്മീഷണിലെ മറ്റു മൂന്നുപേർക്കുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ അന്വേഷണ കണ്ടെത്തലുകൾ ഏകപക്ഷീയവും അവിശ്വസനീയവുമായിരുന്നു. സമരസേനാനികളുടെ മരണം സ്വാഭാവികമരണമാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോ റെയിൽവേ, പോലീസ്, പട്ടാള മേലധികാരികളോ ഈ സംഭവത്തിൽ കുറ്റക്കാരല്ലെന്നും വരുത്തിത്തീർക്കാനാണ് നാപ്, തന്റെ അന്വേഷണചുമതല ഉപയോഗപ്പെടുത്തിയത്. അഥവാ ആരുടെയെങ്കിലും മേൽ കുറ്റം ചുമത്താമെങ്കിൽ ലോക്കൽ റെയിൽവേ പോലീസും പട്ടാള ഉദ്യോഗസ്ഥരുമാണെന്നായിരുന്നു നാപിന്റെ കണ്ടെത്തൽ.

മനുഷ്യത്വമുള്ളവരെല്ലാം റിപ്പോർട്ട് തള്ളിക്കളഞ്ഞു. മരണം സ്വാഭാവികമാണെന്ന വാദം, പരി ക്കേറ്റവരേയും മരിച്ചവരേയും പരിശോധിച്ച ഡോക്ടർമാർ ഖണ്ഡിച്ചു. ശ്വാസതടസ്സം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോ. രാം തെളിയിച്ചു. ഇതോടെ ഗവൺമെന്റ് പ്രലോഭനത്തിന്റെ മാർഗം അവലംബിച്ചു. 1922 ഏപ്രിൽ ഒന്നാം തീയതി മദിരാശി സർക്കാറിന്റെ ഇരുപത്തിയൊമ്പതാം കൽപ്പനപ്രകാരം മരിച്ചവരുടെ ആശ്രിതർക്ക് 300 രൂപ വീതം നൽകി കുറ്റവാളികളെ രക്ഷി ക്കുകയായിരുന്നു.

1920 നവംബർ 19 ന് നടന്ന വാഗൺട്രാജഡിക്ക് നൂറ് വർഷം തികയുകയാണ്. പക്ഷേ, പല സംഭവങ്ങൾക്കും ദേശീയ സ്മാരകങ്ങളും ചരിത്രത്തിൽ ഉന്നത പ്രാധാന്യവും നൽകിയപ്പോൾ വാഗൺ ട്രാജഡി സ്മരണ തിരൂരിൽ സ്ഥാപിക്കപ്പെട്ട ഒരു നഗരസഭാ ഹാളിലൊതുങ്ങുകയാണ്. ചരിത്രകാരന്മാരുടേയും രാഷ്ട്രീയ നായകന്മാരുടേയും വർഗീയ മനോഭാവാമാണ് ഇതിനു ഹേതു. ഇതിൽനിന്നു മാറി ചരിത്രത്തിന് അതിന്റെ പ്രാധാന്യം നൽകുക.

Latest