Connect with us

editorial

ശ്രീഹരിക്കോട്ടയിലെ നൂറാം വിജയം ഭാവി ദൗത്യങ്ങൾക്ക് ഊർജം

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് നൂറാം റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് പുതിയ ദൗത്യങ്ങളിലേക്ക് കുതിക്കുകയാണ് ഐ എസ് ആർ ഒ. ഇന്ത്യൻ ഗതിനിർണയ സംവിധാനമായ നാവിക് പദ്ധതിയുടെ ഭാഗമായ എൻ വി എസ് 02 ജി എസ് എൽ വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചതാണ് നൂറാം മധുരം.

Published

|

Last Updated

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആർ ഒ) ഒരിക്കൽ കൂടി വിജയത്തിന്റെ ആകാശം കീഴടക്കിയതിന്റെ നിലക്കാത്ത ആവേശത്തിലാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് നൂറാം റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് പുതിയ ദൗത്യങ്ങളിലേക്ക് കുതിക്കുകയാണ് ഐ എസ് ആർ ഒ. ഇന്ത്യൻ ഗതിനിർണയ സംവിധാനമായ നാവിക് പദ്ധതിയുടെ ഭാഗമായ എൻ വി എസ് 02 ജി എസ് എൽ വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചതാണ് നൂറാം മധുരം. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിനു ശേഷമാണ് ജി എസ് എൽ വി- എഫ് 15 കുതിച്ചത്. സാങ്കേതിക പിഴവുകളില്ലാതെ ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്നതാണ് ഈ വിക്ഷേപണങ്ങൾ. മറ്റു രാജ്യങ്ങളുടെയും രാജ്യത്തിന് പുറത്തുള്ള ഗവേഷണ സ്ഥാപനങ്ങളുടെയും ദൗത്യങ്ങൾ ഏറ്റെടുത്ത് വാണിജ്യ നേട്ടങ്ങളുണ്ടാക്കാൻ കൂടി ഇത് ഇന്ത്യയെ പ്രാപ്തമാക്കുന്നുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗൻയാൻ സീരീസ്, ചാന്ദ്രയാൻ നാല്, ഇന്ത്യൻ സ്‌പേസ് സ്റ്റേഷൻ തുടങ്ങിയ ഭാവി ദൗത്യങ്ങളിലേക്ക് സധീരം മുന്നോട്ട് കുതിക്കാനുള്ള ഊർജം തരുന്നതുമാണ് ഈ സെഞ്ച്വറി നേട്ടം. ഐ എസ് ആർ ഒയുടെ പുതിയ ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ ചുവടായിരുന്നു എൻ വി എസ് 02 ദൗത്യം.

1971 ഒക്‌ടോബറിലാണ് ശ്രീഹരിക്കോട്ട റേഞ്ച് എന്ന പേരിൽ വിക്ഷേപണ കേന്ദ്രം തുടങ്ങുന്നത്. 1979 ആഗസ്റ്റിൽ ഇവിടെ നിന്ന് ആദ്യ വിക്ഷേപണം നടത്തി. ഇത് ഭാഗികമായി മാത്രമേ വിജയത്തിലെത്തിയുള്ളൂ. രോഹിണി ഉപഗ്രഹത്തെ ശരിയായ ഭ്രമണപഥത്തിലെത്തിച്ച് 1980 ജൂലൈയിൽ ഈ ലോഞ്ച് പാഡിൽ നിന്നുള്ള സമ്പൂർണ വിജയം കുറിച്ച ആദ്യ വിക്ഷേപണം നടത്തി. 2002ലാണ് ശ്രീഹരിക്കോട്ട റേഞ്ചിനെ സതീഷ് ധവാൻ സ്‌പേസ് സെന്റർ എന്ന് പുനർ നാമകരണം ചെയ്തത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന തുടർച്ചയായി ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച ഒരു ദശകമാണ് പിന്നിടുന്നത്. ഏറ്റവും ഒടുവിൽ സ്‌പേസ് ഡോക്കിംഗിൽ നിർണായക മുന്നേറ്റം നടത്താൻ സാധിച്ചു. ബഹിരാകാശത്ത് സാറ്റലൈറ്റുകളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിംഗ് എക്‌സിപിരിമെന്റ് (സ്പെഡെക്‌സ്) വിജയകരമായി പൂർത്തിയാക്കിയത് ഈ മാസം 16നായിരുന്നു. ഈ പരീക്ഷണ വിജയത്തിലൂടെ റഷ്യ, അമേരിക്ക, ചൈന എന്നിവയുടെ നിരയിലേക്കാണ് ഇന്ത്യ ഉദിച്ചുയർന്നത്. സ്പെഡെക്‌സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കുന്നതിൽ വിജയം കുറിക്കുകയായിരുന്നു. നേരത്തേ പരീക്ഷണ ഘട്ടങ്ങളിൽ കണ്ടെത്തിയ എല്ലാ പിഴവുകളും തിരുത്തിയാണ് വിജയത്തിലെത്തിയത്. ഭാവി സ്വപ്‌നമായ ഇന്ത്യൻ സ്‌പേസ് സെന്റർ രൂപപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പാണ് സ്‌പേസ് ഡോക്കിംഗ് എക്‌സ്പിരിമെന്റ്.

ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗങ്ങളിൽ വിത്ത് മുളപ്പിക്കുകയെന്ന ദൗത്യത്തിനാണ് കഴിഞ്ഞ വർഷാന്ത്യം സാക്ഷ്യംവഹിച്ചത്. പി എസ് എൽ വി ഓർബിറ്റൽ എക്‌സ്പിരിമെന്റ്മൊഡ്യൂളി (പോയം-4)ന്റെ ഭാഗമായിരുന്നു ഈ ദൗത്യം. റോക്കറ്റ് പുനരുപയോഗിക്കാനുള്ള വിവിധ പദ്ധതികളാണ് “പോയമി’ലുള്ളത്. ഇതിന്റെ ഭാഗമായി ഒരു റോക്കറ്റ് അവശിഷ്ടത്തിൽ വെള്ളപയർ മുളപ്പിച്ചു. 2024ന്റെ തുടക്കം സൂര്യ വിജയത്തിന്റേതായിരുന്നു. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1നെ വിജയകരമായി നിശ്ചിത ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചു. പി എസ് എൽ വി- സി 57ന്റെ ചിറകിലേറി ആദിത്യ എൽ 1 പേടകം കുതിച്ചത് 2023 സെപ്തംബർ രണ്ടിനായിരുന്നു. 127 ദിവസമെടുത്ത്, 15 ലക്ഷം കിലോമീറ്റർ പിന്നിട്ട് ആദിത്യ എൽ 1 ലെഗ്രാഞ്ച് 1 പോയിന്റിലെത്തിയതോടെ നാസക്കും യൂറോപ്യൻ യൂനിയൻ സ്‌പേസ് ഏജൻസിക്കുമൊപ്പം ഈ നേട്ടം കൈവരിക്കുന്ന സ്ഥാപനമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ എസ് ആർ ഒ) മാറി. വിവിധ ഘട്ടങ്ങളിലായി ഭ്രമണപഥമുയർത്തിയാണ് പേടകം ലഗ്രാഞ്ച് 1 പോയിന്റിലെത്തിച്ചത്. ഇതിനായുള്ള ജ്വലന പ്രക്രിയയാകെ നിയന്ത്രിച്ചത് ഐ എസ് ആർ ഒക്ക് കീഴിലുള്ള ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ നിന്നായിരുന്നു.

2023നെ തിളക്കമുള്ളതാക്കിയത് ഇന്ത്യയുടെ ചാന്ദ്രവിജയമായിരുന്നു. ഒരു പിഴവും വരുത്താതെ, അങ്ങേയറ്റത്തെ സാങ്കേതികത്തികവോടെ, നിശ്ചയിക്കപ്പെട്ട സ്ഥലത്തും വേഗത്തിലും കൃത്യതയോടെയും ചാന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തപ്പോൾ അഭിമാനം വാനോളമുയർന്നു. ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം സാധ്യമാക്കിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. വമ്പൻമാർ തോറ്റ് മടങ്ങിയ ഇടത്ത് രാജ്യം വിജയത്തിന്റെ മൂവർണം ചാർത്തി. 2008 ഒക്ടോബർ 22ന് ചാന്ദ്രയാൻ ഒന്ന് പേടകം ചന്ദ്രോപരിതലത്തിൽ പ്രവേശിച്ചപ്പോൾ തുടങ്ങിയ സുദീർഘ യാത്രയാണ് ചാന്ദ്രയാൻ മൂന്നിലെത്തിയത്. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുകയായിരുന്നു ചന്ദ്രയാൻ ഒന്നിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. പത്ത് മാസം ചന്ദ്രനിൽ കറങ്ങി നടന്ന ഓർബിറ്റർ അതുസംബന്ധിച്ച സുപ്രധാന വിവരങ്ങൾ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചു.

കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ രണ്ടാം ചാന്ദ്ര ദൗത്യത്തിന് ശ്രമം നടത്തിയത്. ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാൻഡിംഗായിരുന്നു ലക്ഷ്യം. 2019 സെപ്തംബർ ഏഴിന് പുലർച്ചെ ചന്ദ്രനെ തൊട്ടു, തൊട്ടില്ല എന്ന നിലയിൽ വിക്രം ലാൻഡർ എത്തിനിൽക്കേ, ഓർബിറ്ററുമായുള്ള ലാൻഡറിന്റെ ബന്ധം നഷ്ടമായി. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. പക്ഷേ, പരാജയം വിജയത്തിന്റെ മുന്നോടിയെന്ന ആപ്തവാക്യം അക്ഷരാർഥത്തിൽ പുലരുകയായിരുന്നു ചാന്ദ്രയാൻ മൂന്നിൽ. ഈ വിജയങ്ങളുടെയെല്ലാം പിന്നിൽ നിരവധിയായ മനുഷ്യരുടെ അക്ഷീണമായ പ്രയത്‌നമുണ്ട്. ഏകാഗ്രതയുണ്ട്. നിശ്ചയദാർഢ്യമുണ്ട്. ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ഏജൻസിക്കകത്തും പുറത്തുമുള്ള തൊഴിലാളികൾ, വസ്തുക്കളും സാമഗ്രികളും ലഭ്യമാക്കിയവർ, ഭരണപരമായ പിന്തുണ നൽകിയവർ… എല്ലാവരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. സതീഷ് ധാവൻ സ്‌പേസ് സെന്റർ നേടിയ നൂറാം വിജയത്തിന്റെ ഊർജം ഭാവി പദ്ധതികൾക്ക് കരുത്താകട്ടെ.

Latest