National
1034 കോടി രൂപയുടെ പത്ര ചൗള്‍ ഭൂമി കുംഭകോണം; ശിവസേന എംപി സഞ്ജയ് റാവത്തിന്റെ സ്വത്ത് കണ്ടുകെട്ടി
കേസില്‍ നേരത്തെ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ | 1034 കോടി രൂപയുടെ പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അലിബാഗിലെ റൗത്തിന്റെ എട്ട് പ്ലോട്ടുകളും ദാദറിലെ ഒരു ഫ്‌ലാറ്റുമാണ് അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയത്.
കേസില്‍ നേരത്തെ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.
പത്ര ചൗളിലെയും മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയിലെയും (എംഎച്ച്എഡിഎ) നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഭൂമി സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് വിറ്റ് വഞ്ചിക്കാന്‍ പ്രവീണ്‍ റാവത്ത് നീക്കം നടത്തിയെന്നാണ് കുറ്റം. 2018ലാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തത്.
പിഎംസി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനെ ഏജന്‍സി കഴിഞ്ഞ വര്‍ഷം ചോദ്യം ചെയ്തിരുന്നു.