International
105ാം വയസ്സില്‍ ബിരുദാനന്തര ബിരുദം നേടിയ മുത്തശ്ശി
രണ്ടാം ലോകമഹായുദ്ധസമയത്ത് സ്‌കൂൾ വിട്ടുപോയ ഒരു സ്ത്രീ ഒടുവിൽ 83 വർഷങ്ങൾക്ക് ശേഷം 105-ാം വയസ്സിൽ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം നേടിയ കഥ
ഒട്ടാവ | ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രായം ഒരു തടസ്സമേയല്ല എന്നാണ് കാനഡയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റില്‍ നിന്നുള്ള ഈ വാര്‍ത്ത സാക്ഷ്യപ്പെടുത്തുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സ്‌കൂൾ വിട്ടുപോയ ഒരു സ്ത്രീ ഒടുവിൽ 83 വർഷങ്ങൾക്ക് ശേഷം 105-ാം വയസ്സിൽ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം നേടിയ വാര്‍ത്തയാണത്.
വിർജീനിയ ജിഞ്ചർ ഹിസ്‌ലോപ്പ് എന്ന പെണ്‍കുട്ടി 1940-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എജ്യുക്കേഷനിൽ നിന്ന് ബിരുദം നേടിയിരുന്നു. തുടര്‍ന്ന് അവര്‍ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദത്തിനായി ചേര്‍ന്നു. പഠനം ഒന്നര വര്‍ഷം പിന്നിട്ടു.
ഇതിനിടെയാണ് ഹിസ്‌ലോപ്പിൻ്റെ പ്രതിശ്രുതവരന്‍ ജോർജ്ജ് ഹിസ്‌ലോപ്പിനെ രണ്ടാം ലോകമഹായുദ്ധത്തിൽ നിര്‍ബന്ധിത സേവനത്തിനായി വിളിക്കപ്പെട്ടത്. അവളുടെ ബിരുദാനന്തര ബിരുദ പഠനത്തിന്‍റെ അവസാന സെമസ്റ്റര്‍ തീരുമുമ്പ് ജോര്‍ജ്ജുമായുള്ള വിവാഹവും നടന്നു. അതോടെ വിര്‍ജീനിയക്ക് കാമ്പസ് വിട്ടു ജോര്‍ജ്ജിനൊപ്പം പോകേണ്ടിവന്നതിനാല്‍ പഠനം മുടങ്ങി.
‘താല്‍പര്യമുണ്ടെങ്കില്‍ ഏതുനേരത്തും ചെയ്യാവുന്ന പ്രവൃത്തിയായേ ഞാനെന്‍റെ പഠനത്തെ കണ്ടിട്ടുള്ളു. വായനയും പഠനവും ഞാന്‍ നന്നായി ആസ്വദിച്ചു’ – സ്റ്റാന്‍ഫോര്‍ഡിനായി ഇറക്കിയ പത്രക്കുറിപ്പില്‍ വിര്‍ജീനിയ പറഞ്ഞു.
ഇപ്പോൾ വാഷിംഗ്ടണിൽ താമസിക്കുന്ന വിര്‍ജീനിയ, അവിടത്തെ പ്രാദേശിക സ്കൂൾ ബോർഡിൽ സേവനമനുഷ്ഠിച്ചു. യാക്കിമ സ്കൂൾ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൻ്റെ ചെയർമാനായും, യാക്കിമ കമ്മ്യൂണിറ്റി കോളേജിൻ്റെ ഡയറക്ടർ ബോർഡിൻ്റെ സ്ഥാപക അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ടോപ്പനിഷിൽ ഹെറിറ്റേജ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക പ്രവര്‍ത്തകരിലൊരാളുമാണ് അവർ. വാഷിങ്ടണിലെ സ്കൂൾ ബോർഡിൽ അവര്‍ ഇരുപത് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
83 വർഷത്തിനുശേഷം 105-ാം വയസ്സിൽ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി കാമ്പസില്‍ വെച്ചു ബിരുദാനന്തര ബിരുദം സ്വീകരിക്കുമ്പോള്‍ അവര്‍ വികാരാധീനയായി.
“വർഷങ്ങളായി ഞാൻ ഈ ജോലി ചെയ്യുന്നു, ഈ ബിരുദം കൊണ്ട് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്,” വിര്‍ജീനിയ ഹിസ്സ്ലോപ്പ് പറഞ്ഞു.