sma disease
നിർവാൻ്റെ ചികിത്സക്ക് അജ്ഞാതൻ്റെ വക 11 കോടി
ഇതോടെ ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപയാണ്.
കൊച്ചി | സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) ബാധിതനായ കുഞ്ഞ് നിർവാന് 11 കോടിയുടെ ധനസഹായം നൽകി അജ്ഞാതൻ. തൻ്റെ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞാണ് ഇദ്ദേഹം ഇത്രഭീമമായ തുക നൽകിയത്. 15 മാസം പ്രായമുള്ള നിർവാന്റെ ചികിത്സക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപയാണ് വേണ്ടത്.
ഇതോടെ ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് നിർവാൻ്റെ മാതാപിതാക്കളായ സാരംഗ് മേനോനും അദിതിയും പറയുന്നു. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്.
പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നൽകിയയാൾ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമിൽ നിന്നറിയിച്ചതെന്നും സാരംഗ് പറഞ്ഞു. നിർവാന് രണ്ടുവയസ്സാകാൻ എട്ടുമാസമാണുള്ളത്. അതിനുള്ളിൽ മരുന്ന് കിട്ടിയിട്ടേ പ്രയോജനമുള്ളു.