National
ബംഗാളിലെ മാല്‍ഡയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു; അനവധി പേര്‍ക്ക് പരുക്ക്
അനവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ച ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

മാല്‍ഡ | പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളുള്‍പ്പെടെ 11 പേര്‍ മരിച്ചു. അനവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ച ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ച കഴിഞ്ഞാണ് ശക്തമായ മിന്നലുണ്ടായത്. സഹാപുര്‍, അദീന, ബാലുപുര്‍, ഹരിശ്ചന്ദ്രപുര്‍ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഹരിശ്ചന്ദ്രപുര്‍ സ്വദേശികളായ ദമ്പതികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.
പോലീസെത്തി മൃതദേഹങ്ങള്‍ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണകൂടം രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ദുരന്തത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച മമത പരുക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും എക്സില്‍ കുറിച്ചു.