kerala waqf board
അന്യാധീനപ്പെട്ടത് 11,000 ഏക്കർ വഖ്ഫ് ഭൂമി; പി ടി എ റഹീമിന്റെ നേതൃത്വത്തിൽ സംരക്ഷണ സമിതിക്ക് നീക്കം
വാഴക്കാട് ദാറുൽ ഉലൂമിൽ അന്യാധീനപ്പെട്ടത് 3,000 ഏക്കർ
കോഴിക്കോട് | സംസ്ഥാനത്ത് നിരവധി വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ ബോർഡ് അംഗം കൂടിയായ പി ടി എ റഹീം എം എൽ എയുടെ നേതൃത്വത്തിൽ സംരക്ഷണ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു.
വഖ്ഫ് വ്യവഹാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും വിവിധ വഖ്ഫ് സംരക്ഷണ സമിതി അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ് നിലവിൽ വരിക. പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞതായും വിപുലമായ യോഗം അടുത്ത ആഴ്ച കോഴിക്കോട്ട് നടക്കുമെന്നും പി ടി എ റഹീം എം എൽ എ പറഞ്ഞു. നിലവിൽ വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് ആയിരത്തോളം കേസുകൾ ഉണ്ടെന്നാണ് ബോർഡിന്റെ കണക്ക്.
ഇത്തരം വ്യവഹാരം നടത്തുന്നവരുമായി ബന്ധപ്പെട്ട് വരികയാണ്. നിയമ നടപടികൾക്കൊപ്പം വഖ്ഫ് ഭൂമി അന്യാധീനപ്പെട്ട നാൾ വഴി സംബന്ധിച്ച ബോധവത്കരണവും വിശദീകരണവും പ്രാദേശിക തലങ്ങളിൽ നടത്താൻ ഉദ്ദേശ്യമുണ്ടെന്നും റഹീം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പതിനൊന്നായിരം ഏക്കർ വഖ്ഫ് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വഖ്ഫ് പരിപാലന സമിതി സെക്രട്ടറി ഉമർ ഏറാമല പറഞ്ഞു. ഇത്തരത്തിൽ വാഴക്കാട് ദാറുൽ ഉലൂമിൽ 3,000 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് പരിപാലന സമിതിയുടെ കണ്ടെത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വഖ്ഫ് ഭൂമി നഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്.