From the print
ഈ വര്‍ഷം കാണാതായത് 115 കുട്ടികള്‍; തട്ടിക്കൊണ്ടുപോയത് 65 കുരുന്നുകളെ
നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 841 കുട്ടികളെ കാണാതായി.
പാലക്കാട് | സംസ്ഥാനത്ത് ഈ വര്‍ഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ. പോലീസിന്റെ കണക്ക് അനുസരിച്ച് ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഇത്രയും കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേര്‍. തൊട്ട് പിന്നില്‍ പാലക്കാടാണ്- 14 പേര്‍. മലപ്പുറത്ത് ആറും കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് വീതവും ഇടുക്കിയില്‍ ഏഴും വയനാട്ടിലും കാസര്‍കോടും ഒരു കുട്ടിയെ വീതവും തട്ടിക്കൊണ്ടുപോയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് ജില്ലകളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടെങ്കിലും ഇത്തവണ ഇതുവരെ കേസുകളൊന്നുമില്ലെന്നുള്ളത് ആശ്വാസമായി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 841 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. 2020ല്‍ 200, 2021ല്‍ 257, 2022ല്‍ 269, ഈ വര്‍ഷം ഇത് വരെ 115 കുട്ടികളെയാണ് കാണാതായത്. കുട്ടികളും വലിയവരും അടക്കം ഈ വര്‍ഷം 9,882 കാണാതായ കേസുകളാണ് പോലീസില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020ല്‍ 8,742 ഉം 2021ല്‍ 9,713 ഉം 2022ല്‍ 11,259 പേരെയും കാണാതായി. ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം കണ്ടെത്താന്‍ കഴിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിനു കണ്ടെത്താന്‍ കഴിയാത്തത്. ആറ് കേസുകള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചു അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട കോടതികള്‍ക്കു പോലീസ് റിപോര്‍ട്ട് നല്‍കി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരില്‍ 42 പേര്‍ ആണ്‍കുട്ടികളാണ്. 18 പെണ്‍കുട്ടികളും. 2018 മുതല്‍ 2023 മാര്‍ച്ച് ഒന്പത് വരെയുള്ള കണക്കാണിത്.
കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ കുട്ടികളെ തട്ടി ക്കൊണ്ടുപോകുന്നത് പ്രതിവര്‍ഷം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ വിഷയങ്ങളായിരിക്കും. സാമ്പത്തിക ലാഭത്തെ അടിസ്ഥാനമാക്കി തട്ടിക്കൊണ്ടുപോകുന്നവര്‍ കുട്ടികളെ ബന്ദിയാക്കി വില പേശും. തുക ലഭിക്കുന്നതിന് വേണ്ടി കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും തിരികെ നല്‍കാതിരിക്കാനുമുള്ള സാധ്യതകളും ഏറെയാണ്. മനുഷ്യക്കടത്ത്, കുട്ടികളെ ദത്തെടുക്കല്‍, ഭിക്ഷാടനം, ബാലവേല, അവയവദാനം, മയക്കുമരുന്നുമായി ബന്ധപ്പെട്ട മാഫിയാ സംഘങ്ങളും സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുണ്ട്.
കുട്ടികളെ സാമ്പത്തികമല്ലാതെ തട്ടിക്കൊണ്ടുപോകുന്ന കുറ്റവാളികള്‍ കുടുംബാംഗങ്ങളോ അപരിചിതരോ ആയിരിക്കാമെന്നും കുറ്റശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ചെറുപ്രായം മുതല്‍ത്തന്നെ എത്ര പരിചയമുള്ളവരാണെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിക്കുകയോ മറ്റെന്തെങ്കിലും സമ്മാനങ്ങള്‍ തരാമെന്ന് പറയുകയോ ചെയ്താല്‍ പോകരുതെന്ന് മനസ്സിലാക്കിക്കൊടുക്കണം.
മാതാപിതാക്കള്‍ ഇരുവരും ജോലിക്കുപോകുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ തനിച്ചാവുന്ന സാഹചര്യം കൂടുതലാണിപ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ അവരെ ശ്രദ്ധിക്കാനുള്ള അയല്‍പക്ക ജാഗ്രതയുമുണ്ടാകണം. കുട്ടികളെ കാണാനില്ലെന്ന കേസുകളില്‍ അന്വേഷണത്തിന് പ്രത്യേക പ്രോട്ടോകോള്‍ കൊണ്ടുവരാന്‍ പോലീസിനാകണമെന്നതാണ് വിദഗ്്ധര്‍ ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് അടിയന്തരസഹായത്തിനായി 112 നമ്പറില്‍ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.