Articles
115 കോടിയുടെ കൊള്ള; സര്‍ക്കാര്‍ തടയിടണം
ഹജ്ജ് തീര്‍ഥാടകര്‍ ബഹിഷ്‌കരിക്കുക കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാത്രമായിരിക്കില്ല. എയര്‍ ഇന്ത്യയെക്കൂടിയായിരിക്കും. മറ്റ് യാത്രക്കാര്‍ കൂടി ബഹിഷ്‌കരണത്തില്‍ ചേരുന്നതോടെ ഉണ്ടാകുന്ന ആഘാതം ഏറെ വലുതായിരിക്കും. സങ്കീര്‍ണമായ സ്ഥിതിവിശേഷങ്ങള്‍ ഉടലെടുക്കും മുമ്പ് കൊള്ള നിരക്കുകള്‍ എയര്‍ ഇന്ത്യ പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാന സര്‍ക്കാര്‍ അതിനായി സമ്മര്‍ദം ചെലുത്തണം.
ഏകദേശം നൂറ്റിപ്പതിനഞ്ച് കോടിയുടെ കൊള്ളക്കാണ് കളമൊരുങ്ങുന്നത്. കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന ഹജ്ജ് തീര്‍ഥാടകര്‍ ടിക്കറ്റ് ഒന്നിന് 80,000 വീതം അധികം നല്‍കണം. 14,464 ഹാജിമാര്‍ ഇത്തവണ കോഴിക്കോട് വിമാനത്താവളം വഴി പോകാന്‍ ആദ്യ പരിഗണന നല്‍കിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ 78 ശതമാനം വരുമിത്. കൊച്ചിയിലും കണ്ണൂരിലും എയര്‍ ഇന്ത്യ എടുക്കുന്ന സ്വാഭാവികമായ അമിതലാഭത്തിന് പുറമെയാണ് കരിപ്പൂരില്‍ മാത്രം ഇത്രയും തുകയുടെ ഹജ്ജ് കൊള്ള പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷ്യം വ്യക്തമാണ്. കോര്‍പറേറ്റ് താത്പര്യ സംരക്ഷണം. കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ തകര്‍ച്ച കുറേക്കാലമായി പലരുടെയും അജന്‍ഡയാണല്ലോ. പൊതുമേഖലാ സ്ഥാപനങ്ങളെ തളര്‍ത്തി സ്വകാര്യ കുത്തകകള്‍ക്ക് വളര്‍ന്ന് വീര്‍ക്കുന്നതിന് അവസരമൊരുക്കുക. എയര്‍പോര്‍ട്ടില്‍ മാത്രമല്ല, മറ്റ് സേവന പൊതു മേഖലാ സംരംഭങ്ങളിലെല്ലാം ഏറെക്കാലമായി ഈ നില തന്നെ തുടരുന്നു. സ്വകാര്യ ടെലിഫോണ്‍ ഭീമന്‍മാര്‍ 5ജിയും കടന്ന് മുന്നോട്ട് കുതിക്കുമ്പോഴും ബി എസ് എന്‍ എല്‍ നിന്ന് കിതക്കുന്നതെന്ത് കൊണ്ട്?
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. കേരളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക വിമാനത്താവളമാണ് കരിപ്പൂരിലേത്. യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ തന്നെ ആദ്യ പത്ത് എയര്‍പോര്‍ട്ടുകളില്‍ കരിപ്പൂര്‍ ഉള്‍പ്പെടും. ചെറുതും വലുതുമായ എല്ലാ വിമാനങ്ങളും ഇറങ്ങാനും പോകാനുമുള്ള സാങ്കേതിക സൗകര്യങ്ങള്‍ വിമാനത്താവളത്തിനുണ്ടെന്ന് പല തവണ വ്യക്തമാക്കപ്പെട്ടതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇറങ്ങാവുന്ന സര്‍വ സുരക്ഷാ സംവിധാനങ്ങളും എയര്‍പോര്‍ട്ടിനുണ്ട്. ഇതില്‍പരം മറ്റെന്ത് സുരക്ഷയാണ് രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്ക് വേണ്ടത് എന്ന ചോദ്യം സ്വാഭാവികമാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ച വിമാന അപകടമാണ് തത്പര കക്ഷികള്‍ ചൂണ്ടിക്കാണിക്കാറുള്ളത്. ഇത് അസംബന്ധമാണ്. ചെറിയ വിമാനമാണ് അന്ന് അപകടത്തില്‍ പെട്ടത്. അന്ന് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട് വിമാനത്താവളം ഇന്ന് പൂര്‍ണ സജ്ജമാണ്. അതൊന്നുമല്ല കാര്യം, മറ്റ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് പോലും ഈടാക്കാത്ത വന്‍തുക ഹാജിമാര്‍ കരിപ്പൂരില്‍ നല്‍കേണ്ടി വരുന്നതിന് പിന്നില്‍ എയര്‍ ഇന്ത്യാ അധികൃതര്‍ മാത്രമായിരിക്കില്ല. കുത്തക ഭീമന്‍മാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കണം. ഇവരുടെ താത്പര്യങ്ങള്‍ തുറന്ന് കാട്ടപ്പെടണം.
എംബാര്‍ക്കേഷന്‍ പോയിന്റ് എന്ന നിലയിലും കരിപ്പൂരിന് മറ്റ് വിമാനത്താവളങ്ങളേക്കാള്‍ പ്രാധാന്യമുണ്ട്. ഒന്നാമതായി കേരളത്തില്‍ നിന്നുള്ള ഹാജിമാരില്‍ ഏകദേശം 80 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. ഇവരെല്ലാവരും കരിപ്പൂരിനെ ആശ്രയിക്കുന്നു. ഹജ്ജ് ഹൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും കരിപ്പൂരിലാണുള്ളത്. കേരളത്തിലെ ആദ്യത്തെ പുറപ്പെടല്‍ കേന്ദ്രവും ഇത് തന്നെയാണ്. ഇപ്പോള്‍ കുറച്ചു കാലമായി കരിപ്പൂരിന് മുകളില്‍ വട്ടമിട്ട് പറക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിന് എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എയര്‍ ഇന്ത്യയുടെ അനീതി അത്രക്ക് നിഷ്‌കളങ്കമായി സംഭവിക്കുന്നതല്ലെന്ന് സംശയിക്കേണ്ടി വരുന്നത് ഈ ഘട്ടത്തില്‍ കൂടിയാണ്.
ഇസ്ലാമിക വിശ്വാസികളുടെ ജീവിതാഭിലാഷമാണ് പരിശുദ്ധ ഹജ്ജ് നിര്‍വഹണം. അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറാകും. എല്ലാ ഹാജിമാരും സമ്പന്നരല്ല. ദൈനംദിന വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിയാണ് തങ്ങളുടെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുന്നതിന് പലരും തയ്യാറെടുക്കുന്നത്.
നല്ലൊരു പങ്ക് ഹാജിമാരും കുടുംബ സമേതം പുറപ്പെടുന്നവരാണ്. അവരുടെ മുതുകിലാണ് എയര്‍ ഇന്ത്യ കനത്ത ഭാരം കയറ്റി വെച്ചിരിക്കുന്നത്. എന്തുകൊണ്ടിത് സംഭവിക്കുന്നു? ഇന്ത്യയില്‍ ഹജ്ജ് കാര്യം ഇപ്പോള്‍ നാഥനില്ലാ കളരിയായിരിക്കുന്നു. സാധാരണ നിലയില്‍ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും യോഗം ചേരേണ്ടതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2022ന് ശേഷം യോഗമേ ചേര്‍ന്നില്ലെന്ന് പറയുന്നു. ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ഹജ്ജ് കമ്മിറ്റി നോക്ക് കുത്തിയായി നില്‍ക്കുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ അപക്വമായ നിലപാടില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. പരാതി ഉന്നയിക്കുന്നവരോട് വിമാനവുമായി വരാനാണ് ചെയര്‍മാന്റെ നിര്‍ദേശം. ഇത് ഇങ്ങനെയൊക്കെ മതി എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാനിടയില്ല. ഹജ്ജ് കാര്യത്തില്‍ അങ്ങനെ ഒരു പരാതിയും കേന്ദ്ര സര്‍ക്കാറിനെതിരെ ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. ചുമതലപ്പെട്ടവരുടെ നിരുത്തരവാദപരമായ സമീപനമാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. അബ്ദുല്ലക്കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന് അത് വ്യക്തമാണ്. കഴിവും താത്പര്യവുമുള്ളവരെ തത്സ്ഥാനത്ത് നിയമിക്കുന്നത് ഒരു പരിഹാരമാണ്. വിശ്വാസികളുടെ രക്തമൂറ്റുന്ന വിമാനക്കമ്പനികളെ സര്‍ക്കാര്‍ ഇടപെട്ട് തടയുക എന്നതാണ് മറ്റൊരു മാര്‍ഗം. പൊതുമേഖലാ എയര്‍ പോര്‍ട്ടുകളെ ലക്ഷ്യം വെക്കുന്ന കറുത്ത കരങ്ങളോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ചേരാതിരിക്കുക എന്നതും ഏറെ പ്രധാനമാണ്. ഇതെല്ലാം നടക്കണമെങ്കില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ജാഗ്രതയോടെയും കാര്യക്ഷമമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുക?
ഹജ്ജ് തീര്‍ഥാടകര്‍ ബഹിഷ്‌കരിക്കുക കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാത്രമായിരിക്കില്ല. എയര്‍ ഇന്ത്യയെക്കൂടിയായിരിക്കും. മറ്റ് യാത്രക്കാര്‍ കൂടി ബഹിഷ്‌കരണത്തില്‍ ചേരുന്നതോടെ ഉണ്ടാകുന്ന ആഘാതം ഏറെ വലുതായിരിക്കും. അത് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാത്രമായിരിക്കില്ല. സ്വദേശത്തും വിദേശത്തുമുള്ള എയര്‍ പോര്‍ട്ടുകളില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളെ ആകെ തന്നെയും ബാധിക്കുന്ന തരത്തിലായിരിക്കും. അത്തരം പ്രക്ഷോഭങ്ങള്‍ എയര്‍ ഇന്ത്യയെ എന്നല്ല, സ്വകാര്യ വിമാനത്താവളങ്ങളുടെ വരുമാനത്തിലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വരുമാനത്തിലും ആഘാതങ്ങള്‍ സൃഷ്ടിക്കും. സങ്കീര്‍ണമായ സ്ഥിതിവിശേഷങ്ങള്‍ ഉടലെടുക്കും മുമ്പ് കൊള്ള നിരക്കുകള്‍ എയര്‍ ഇന്ത്യ പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാന സര്‍ക്കാര്‍ അതിനായി സമ്മര്‍ദം ചെലുത്തണം. സര്‍വോപരി കരിപ്പൂര്‍ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ സംരക്ഷിക്കപ്പെടണം. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിന് നഷ്ടപ്പെടരുത്. അത് സാമൂഹികാഘാതങ്ങള്‍ക്ക് നിമിത്തമാകും. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ നേര്‍വഴിക്ക് നയിക്കണം. സംസ്ഥാന സര്‍ക്കാര്‍ അതിനായി സമ്മര്‍ദം ചെലുത്തണം. ഇത്രയും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ബഹുജനങ്ങള്‍ ഇന്ന് എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. സര്‍ക്കാറും ഉത്തരവാദപ്പെട്ടവരും അത് കാണണം. സമൂഹത്തില്‍ അനാവശ്യമായി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണം.