Connect with us

Ongoing News

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 12.4 ശതമാനം വളര്‍ച്ച

ചരക്ക് കൈകാര്യം ചെയ്യല്‍ പ്രവര്‍ത്തനങ്ങളിലും ഗണ്യമായ വളര്‍ച്ചയുണ്ടായി.

Published

|

Last Updated

ഷാര്‍ജ| കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024 ആദ്യ പകുതിയില്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 12.4 ശതമാനം വളര്‍ച്ച. ഈ വര്‍ഷം ആറ് മാസത്തിനിടെ 83 ലക്ഷത്തിലധികം യാത്രക്കാരെ എയര്‍പോര്‍ട്ട് സ്വാഗതം ചെയ്തു. 52,702 ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിച്ചു. 12.2 ശതമാനം വളര്‍ച്ച ഇതിലും രേഖപ്പെടുത്തി.

ചരക്ക് കൈകാര്യം ചെയ്യല്‍ പ്രവര്‍ത്തനങ്ങളിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. മൊത്തം 97,200 ടണ്ണുമായി 40.7 ശതമാനത്തിലെത്തി. 26 എയര്‍ലൈനുകള്‍ 100 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. എയര്‍ അറേബ്യ ഗ്രീസും പോളണ്ടും അടുത്തിടെ കൂട്ടിച്ചേര്‍ത്തിരുന്നു. സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം, ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍, പാരിസ്ഥിതിക സുസ്ഥിരത മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയുടെ ഫലമാണ് യാത്രക്കാരില്‍ വര്‍ധനവെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി നെറ്റ്്വര്‍ക്കുകള്‍ വിപുലീകരിക്കുന്നതിലൂടെയും ആഗോളതലത്തില്‍ വ്യോമയാന ചലനങ്ങളുടെ ആവൃത്തി വര്‍ധിപ്പിക്കുന്നതിലൂടെയും ഭാവിയില്‍ കൂടുതല്‍ മികവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2027 അവസാനത്തോടെ പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാരായി അതിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിമാനത്താവളത്തില്‍ പുതിയ വിപുലീകരണ പദ്ധതി നടപ്പാക്കിവരികയാണ്.

 

 

Latest