National
ഹിമാചലിലെ ഉനയില്‍ വിഷക്കായ കഴിച്ച് 12 കുട്ടികള്‍ ആശുപത്രിയില്‍
കുട്ടികള്‍ തൊട്ടടുത്തുള്ള കാട്ടില്‍ നിന്ന് വിഷക്കായ കഴിക്കുകയായിരുന്നു.
ഉന| ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വിഷക്കായ കഴിച്ച് 12 കുട്ടികള്‍ ആശുപത്രിയില്‍. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ലാല്‍സിംഗി ഗ്രാമത്തില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ് 12 കുട്ടികളും.
വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടികള്‍ തൊട്ടടുത്തുള്ള കാട്ടില്‍ നിന്ന് വിഷക്കായ കഴിക്കുകയായിരുന്നു. മൂന്നിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കുട്ടികളെ ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുമ്പോള്‍ നില അതീവഗുരുതരമായിരുന്നുവെന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.വികാഷ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.