Connect with us

National

കര്‍ണാടകയില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദ്; സ്‌കൂളുകള്‍ക്കോ കോളജുകള്‍ക്കോ അവധി പ്രഖ്യാപിച്ചിട്ടില്ല

ബെലഗാവിയില്‍ കഴിഞ്ഞ മാസം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കണ്ടക്ടറെ ആക്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വിവിധ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തിയായ ബെലഗാവിയില്‍ മറാത്ത സംഘടനകളും കന്നഡ സംഘടനകളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകള്‍ ബന്ദ് നടത്തുന്നത്.

ഓട്ടോ ടാക്‌സി, ഊബര്‍, ഒല സര്‍വീസുകള്‍ തടസ്സപ്പെടാനാണ് സാധ്യത. സ്‌കൂളുകള്‍ക്കോ കോളജുകള്‍ക്കോ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. ബെലഗാവിയില്‍ കഴിഞ്ഞ മാസം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കണ്ടക്ടറെ ആക്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. മറാത്തി സംസാരിച്ചില്ലെന്ന പേരില്‍ ഒരു സംഘം ആളുകള്‍ കണ്ടക്ടറെ മര്‍ദിച്ചെന്നാണ് പരാതി.

ഇത് പിന്നീട് കന്നട, മറാത്തി സംഘടനകള്‍ തമ്മിലുള്ള ഭാഷാ സംഘര്‍ഷമായി മാറി. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ ഈ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബന്ദ് ശരിയായ നടപടിയല്ല. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ ബന്ദ് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെല്‍ഗാവിയിലും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

Latest