National
വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി 12 പേര്‍ മരിച്ചു
അപകടത്തില്‍ പെട്ടത് ഏറെയും കുട്ടികളും സ്ത്രീകളും
പാറ്റ്‌ന | ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
വടക്കന്‍ ബിഹാര്‍ ജില്ലയിലെ ദേസ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാ രാത്രി 9 മണിയോടെ ഭൂമിയാ ബാബയോട് പ്രാര്‍ഥിക്കുന്നതിനായി റോഡരികിലെ അരയാല്‍ മരത്തിന് മുന്നില്‍ ഒത്തുകൂടിയപ്പോഴാണ് അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറിയതെന്നു വൈശാലി പോലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അനുശോചിച്ചു. ഒന്‍പത് പേരെങ്കിലും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്ന് മുകേഷ് റൗഷന്‍ എം എല്‍ എ പറഞ്ഞു. മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള മധ്യേയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ളവരെ പാറ്റ്‌നയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.