Connect with us

National

12 അംഗങ്ങൾ കൂടി തിരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിലും ഭൂരിപക്ഷം നേടി എൻ ഡി എ

എൻഡിഎ മുന്നണിയുടെ അംഗബലം 112 ആയി; ഇതുകൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | ഉപതെരഞ്ഞെടുപ്പിൽ ഒമ്പത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളിൽ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എൻഡിഎക്ക് രാജ്യസഭയിൽ ഭൂരിപക്ഷമായി. ഒമ്പത് പേർ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ അംഗബലം 96 ആയി ഉയർന്നു. 112 ആണ് എൻഡിഎ മുന്നണിയുടെ അംഗബലം. ഇതുകൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ ഭരണമുന്നണിയുടെ കരുത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 119 ലെത്തും. ഒരു കോൺഗ്രസ് അംഗം കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ കോൺഗ്രസ് അംഗസംഖ്യ 85 ആയി ഉയർന്നു.

രാജ്യസഭയിൽ ആകെ 245 സീറ്റുകളാണുള്ളത്. ഇതിൽ ജമ്മു കാശ്മീരിൽ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങൾക്കുള്ള നാലും സീറ്റുകൾ അടക്കം എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാൽ രാജ്യസഭയിലെ നിലവിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഈ 119 സീറ്റുകളുടെ കരുത്താണ് എൻ ഡി എ ഇപ്പോൾ നേടിയിരിക്കുന്നത്.

അസമിൽ നിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറിൽ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയിൽ നിന്ന് കിരൺ ചാധരി, മധ്യപ്രദേശിൽ നിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയിൽ നിന്ന് ധിര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്ന് മമത മൊഹന്ത, രാജസ്ഥാനിൽ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയിൽ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.

കോൺഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വി തെലങ്കാനയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീലും ബിഹാറിൽ നിന്ന് ആർഎൽഎമ്മിൻ്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ദശാബ്ദമായി രാജ്യസഭയിൽ ഭൂരിപക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു എൻ ഡി എ. വിവാദ ബില്ലുകൾ ലോക്സഭ കടന്നാൽ രാജ്യസഭയിൽ എത്തിച്ച് എളുപ്പത്തിൽ പാസ്സാക്കിയെടുക്കാൻ ഇത് ഭരണമുന്നണിയെ സഹായിക്കും. മുമ്പ് ലോക്സഭയിൽ ബില്ല് പാസ്സാക്കിയാലും രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ വേഗത്തിൽ പാസ്സാക്കാൻ സാധിക്കുമായിരുന്നില്ല. നവീൻ പട്നായിക്കിൻ്റെ ബിജു ജനതാദൾ, വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ ചേരിചേരാ കക്ഷികളുടെ സഹായത്തോടെയായിരുന്നു രാജ്യസഭയിൽ ചില ബില്ലുകളെങ്കിലും അന്ന് ബിജെപി പാസ്സാക്കിയെടുത്തിരുന്നത്.