Connect with us

From the print

പാൽ കാനുകൾക്ക് 12 ശതമാനം നികുതി ജി എസ് ടിക്കും ഇനി ആധാർ

പ്ലാറ്റ്‌ഫോം ടിക്കറ്റിന് ജി എസ് ടിയില്ല

Published

|

Last Updated

ന്യൂഡൽഹി | വ്യാജ രജിസ്‌ട്രേഷനുകൾ തടയാൻ ജി എസ് ടി അപേക്ഷകരുടെ ബയോ മെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ പ്രാമാണീകരണം രാജ്യവ്യാപകമായി ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമലാ സിതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ദേശീയ തലത്തിൽ അപേക്ഷകരുടെ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ പ്രാമാണീകരണം ഘട്ടം ഘട്ടമായി നടപ്പാക്കാൻ ജി എസ് ടി കൗൺസിൽ ശിപാർശ ചെയ്തതായി ധനമന്ത്രി അറിയിച്ചു. ഇത് ജി എസ് ടി രജിസ്‌ട്രേഷൻ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും വ്യാജ ഇൻവോയ്‌സുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുമെന്നും അവർ പറഞ്ഞു.
ചില സേവനങ്ങൾക്കും സാധനങ്ങൾക്കും നികുതി ഇളവ് നൽകുന്നതിനും ഏകീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി, ഗോവ, മേഘാലയ മുഖ്യമന്ത്രിമാർ, ബിഹാർ, ഹരിയാന, മധ്യപ്രദേശ്, ഒഡിഷ ഉപമുഖ്യമന്ത്രിമാർ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധന മന്ത്രിമാർ, മുതിർന്ന ധന മന്ത്രാലയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ
എയർക്രാഫ്റ്റുകളുടെ ഭാഗങ്ങൾ, ഘടകങ്ങൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ, ടൂളുകൾ, ടൂൾ കിറ്റുകൾ എന്നിവയുടെ ഇറക്കുമതിക്കുള്ള ഐ ജി എസ് ടി (സംയുക്ത ജി എസ് ടി) അഞ്ച് ശതമാനമാക്കി ഏകീകരിക്കും.
എല്ലാ പാൽ കാനുകൾക്കും (സ്റ്റീൽ, ഇരുമ്പ്, അലുമിനിയം) അവയുടെ ഉപയോഗം പരിഗണിക്കാതെ 12 ശതമാനം ജി എസ് ടി.
കാർട്ടൺ, ബോക്‌സുകൾ, പേപ്പർ ബോർഡ് പെട്ടികൾ എന്നിവയുടെ ജി എസ് ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി.
എല്ലാ സോളാർ കുക്കറുകൾക്കും 12 ശതമാനം ജി എസ് ടി ബാധകം
എല്ലാ തരം സ്പ്രിംഗ്ലറുകൾക്കും 12 ശതമാനം ജി എസ് ടി.
റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ്, കാത്തിരിപ്പ് മുറികൾ, ക്ലോക്ക് റൂം തുടങ്ങിയ സേവനങ്ങൾക്ക് ജി എസ് ടി ഒഴിവാക്കി.
ജി എസ് ടി നിയമത്തിലെ സെക്‌‌ഷൻ 73 പ്രകാരം നൽകിയിട്ടുള്ള ഡിമാൻഡ് നോട്ടീസുകളുടെ പലിശയും പിഴയും ഒഴിവാക്കും.
വിദ്യാർഥികളെയും പ്രൊഫഷനലുകളെയും സഹായിക്കുന്നതിന്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം തുടർച്ചയായ 90 ദിവസം താമസിക്കുന്ന 20,000 രൂപ വരെ മൂല്യമുള്ള താമസ സേവനങ്ങൾക്ക് ജി എസ് ടിയില്ല.
ജി എസ് ടിക്ക് കീഴിൽ അപ്പീലുകൾ ഫയൽ ചെയ്യുന്നതിന് നൽകേണ്ട പ്രീ- ഡെപോസിറ്റ് തുക കുറക്കും.

Latest