Kerala
ദ്രാവകം ശ്വസിപ്പിച്ചു; ആലപ്പുഴയില്‍ 12 വയസ്സുകാരന്‍ ചികിത്സയില്‍
യുവാക്കള്‍ കുട്ടിയെ പിന്തുടര്‍ന്ന് ദ്രാവകം ശ്വസിപ്പിച്ചെന്നാണ് പരാതി
ആലപ്പുഴ | ബലമായി ദ്രാവകം ശ്വസിപ്പിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരന്‍ ചികിത്സയില്‍. ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെയാണ് സംഘം ചേര്‍ന്ന് യുവാക്കള്‍ ദ്രാവകം ശ്വസിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡില്‍ സുല്‍ഫിക്കറിന്റെ മകനാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ആലപ്പുഴ ബീച്ചിന് സമീപത്തെ കളി സ്ഥലത്ത് നിന്ന് ഇന്നലെ വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂട്ടം കൂടി നിന്ന യുവാക്കള്‍ പിന്തുടര്‍ന്ന് ബലം പ്രയോഗിച്ച് കുപ്പിയില്‍ ഉണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതായാണ് പരാതി. ഇതേത്തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് ആലപ്പുഴ കടപ്പുറം ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പിതാവ് സുല്‍ഫിക്കര്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.