From the print
നാല് മാസം, ഡിജിറ്റല്‍ അറസ്റ്റില്‍ തട്ടിയത് ?120.3 കോടി
സൈബര്‍ തട്ടിപ്പില്‍ നഷ്ടം 1,776 കോടി.
ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് മാസം കൊണ്ട് തട്ടിയത് 120.3 കോടി. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ തയ്യാറാക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ വര്‍ഷം ജനുവരിക്കും ഏപ്രിലിനും ഇടയില്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്.
സൈബര്‍ തട്ടിപ്പിന്റെ ഏറ്റവും പുതിയ രീതികളിലൊന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍ ഒളിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭകോണം, നിക്ഷേപ കുംഭകോണം, പ്രണയം/ഡേറ്റിംഗ് കുംഭകോണം എന്നിങ്ങനെ നാല് തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍. ഈ വര്‍ഷം ജനുവരിക്കും ഏപ്രിലിനും ഇടയില്‍ ആകെ നടന്ന സൈബര്‍ തട്ടിപ്പിന്റെ 46 ശതമാനവും ഈ നാല് തട്ടിപ്പുകളാണ്. ട്രേഡിംഗ് കുംഭകോണത്തില്‍ 1,420.48 കോടി രൂപയും നിക്ഷേപ കുംഭകോണത്തില്‍ 222.58 കോടി രൂപയും പ്രണയം/ഡേറ്റിംഗ് കുംഭകോണത്തില്‍ 13.23 കോടി രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സൈബര്‍തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരകളെ ഇവര്‍ വരുതിയിലാക്കുന്നത്.
ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍ നിന്ന് ഇരകളെ വിളിക്കുന്നതും ഇന്ത്യന്‍ പൗരന്‍മാരാണെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മികച്ച ജോലി ലക്ഷ്യം കണ്ട് ഇത്തരം രാജ്യങ്ങളിലെത്തുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. തട്ടിപ്പ് സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിമുഖത കാട്ടുന്നവരെ ക്രൂര മര്‍ദനങ്ങള്‍ക്കും ഇത്തരം സംഘങ്ങള്‍ വിധേയരാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.