Uae
ദുബൈയിൽ 127 യാചകരെ പിടികൂടി; 50,000 ദിർഹത്തിലധികം പിടിച്ചെടുത്തു
ദുബൈ പോലീസ് ആരംഭിച്ച 'ഭിക്ഷാടന പോരാട്ടം' ക്യാമ്പയിനിന്റെ ഭാഗമായാണിത്.

ദുബൈ | ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് വിവിധ പോലീസ് സ്റ്റേഷനുകളുമായി സഹകരിച്ച്, റമസാനിന്റെ ആദ്യ പകുതിയില്‍ നടത്തിയ പോലീസ് നടപടിയില്‍ 127 യാചകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 50,000 ദിര്‍ഹത്തിലധികം പിടിച്ചെടുത്തു.
ദുബൈ പോലീസ് ആരംഭിച്ച ‘ഭിക്ഷാടന പോരാട്ടം’ ക്യാമ്പയിനിന്റെ ഭാഗമായാണിത്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, മുനിസിപ്പാലിറ്റി, ഇസ്്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പയിന്‍ നടത്തുന്നത്.
യാചക വിരുദ്ധ ക്യാമ്പയിനില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ സ്വീകരിച്ച കര്‍ശനവും നിര്‍ണായകവുമായ നടപടികള്‍ ഇവരുടെ എണ്ണത്തില്‍ വര്‍ഷം തോറും കുറവുണ്ടാകാന്‍ കാരണമായെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹ്്മദ് അല്‍ അദീദി പറഞ്ഞു.
യാചകരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ പങ്കാളികളുമായി സഹകരിച്ച് പട്രോളിംഗ് ശക്തമാക്കി. മോഷണം, പോക്കറ്റടി, കുട്ടികളെയും രോഗികളെയും വൈകല്യമുള്ളവരെയും നിയമവിരുദ്ധ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി യാചനയുടെ പ്രശ്നം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.