Uae
ഗസ്സയില്‍ നിന്ന് 127 പേരെക്കൂടി യു എ ഇയിലെത്തിച്ചു
ഇതുവരെ 2,254 രോഗികളും കുടുംബാംഗങ്ങളും യു എ ഇയില്‍ എത്തിയിട്ടുണ്ട്.
അബൂദബി| ഗസ്സയില്‍ നിന്ന് ഗുരുതരമായി പരുക്കേറ്റ 55 പേരെയും രോഗികളെയും അബൂദബിയിലെത്തി. കുട്ടികളും കാന്‍സര്‍ രോഗികളും ഉള്‍പ്പെടെ ചൊവ്വാഴ്ച 23-ാമത് സംഘം ഇസ്്‌റാഈലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്ന് കരം അബു സലാം ക്രോസിംഗ് വഴിയാണ് രാജ്യത്തെത്തിച്ചത്. ചികിത്സ ആവശ്യമായ 72 പേരും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പരുക്കേറ്റ ഫലസ്തീനികളെയും കാന്‍സര്‍ രോഗികളെയും രാജ്യത്തെത്തിക്കുന്നത്. ഇത്തരത്തില്‍ ഇതുവരെ 2,254 രോഗികളും കുടുംബാംഗങ്ങളും യു എ ഇയില്‍ എത്തിയിട്ടുണ്ട്.
അതിനിടെ, ഗസ്സയിലെ കുട്ടികള്‍ക്ക് അടിയന്തര സഹായവുമായി യു എ ഇ ഷിപ്പ്മെന്റ് അയച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, ഷാര്‍ജ ചാരിറ്റി ഫൗണ്ടേഷന് പുറമെ സായിദ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സഹായം അയച്ചത്.