Connect with us

Kerala

12,738 പരാതികള്‍ തീര്‍പ്പാക്കി; പരാതി പരിഹാര അദാലത്തുകള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇതുവരെ 49 പരാതി പരിഹാര അദാലത്തുകള്‍ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 29 അദാലത്തുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 12,738 പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,253 പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 4,940 പരാതികള്‍ക്കാണ് അദാലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ വന്നിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് പുറത്തുള്ളതും നിയമപ്രശ്നങ്ങള്‍ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമാണ്. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍ -മെയ് മാസങ്ങളില്‍ താലൂക്ക് തലത്തില്‍ കരുതലും കൈതാങ്ങും എന്ന പേരില്‍ അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ ഫലപ്രദമായി സംഘടിപ്പിച്ചു. ഇതിലൂടെ നിരവധി പേരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Latest