National
ബീഹാറില്‍ ഇടിമിന്നലേറ്റ് 13 മരണം
ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്

പറ്റ്‌ന | ശക്തമായ ഇടി മിന്നലില്‍ വടക്കന്‍ ബിഹാറില്‍ 13 പേര്‍ മരിച്ചു. നാലു ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്.
ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമാസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. തലസ്ഥാനമായ പറ്റ്‌ന ഉള്‍പ്പെടെ 70 ബ്ലോക്കുകളില്‍ ബിഹാര്‍ കാലാവസ്ഥാ വകുപ്പ് അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നു. യെല്ലോ അലേര്‍ട്ടാണ് ഇവിടങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2023ല്‍ സംസ്ഥാനത്ത് ഇടിമിന്നല്‍ മൂലം 275 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
ജനങ്ങള്‍ ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശിച്ചു. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.