Connect with us

Kerala

തിരുവനന്തപുരത്ത് മദ്യലഹരിയിൽ 13കാരന് മുത്തച്ഛൻ്റെ ക്രൂര മർദനം

തേക്ക് മരത്തിൽ കെട്ടിയിട്ട് പലക കൊണ്ടുള്ള മർദനത്തിൽ കുട്ടിയുടെ കാലിലും തുടയിലും വയറിനും സാരമായ പരുക്കേറ്റു

Published

|

Last Updated

തിരുവനന്തപുരം | നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച് മുത്തച്ഛൻ. കുട്ടിയുടെ മാതാവിൻ്റെ പിതാവാണ് മർദിച്ചത്. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.

വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയി തേക്ക് മരത്തിൽ കെട്ടിയിട്ട് പലക കൊണ്ടാണ് മർദിച്ചത്. കുട്ടിയുടെ കാലിലും തുടയിലുമായി നിരവധി പാടുകളാണുള്ളത്. വയറിനടക്കം സാരമായ പരക്കേറ്റു. മർദനം കണ്ട അയൽവാസികളാണ് വിവരം പുറത്തറിയിച്ചത്. വാർഡ് മെമ്പറെ വിവരമറിയിച്ചിതിനെ തുടർന്ന് അദ്ദേഹം  ശിശു ക്ഷേമ സമിതിയെ  അറിയിച്ചു. വാർഡ് മെമ്പറും സി ഡബ്ല്യു സി അം​ഗങ്ങളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

പിതാവിൻ്റെ മരണശേഷം മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടർന്ന് കുട്ടിയും 14കാരനായ ജ്യേഷ്ഠനും മുത്തച്ഛനൊപ്പമായിരുന്നു താമസം. കുട്ടികളെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു. കുട്ടികളെ നോക്കാറില്ലന്നും ഭക്ഷണം പോലും കൃത്യമായി കൊടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. പരുക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Latest