Connect with us

Kasargod

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിന് 13 വർഷം; സമര സമിതി പ്രക്ഷോഭത്തിന്

കേസ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി വീണ്ടും സമരരംഗത്ത്

Published

|

Last Updated

കാസർകോട് | സമസ്ത ഇ കെ വിഭാഗം വൈസ് പ്രസിഡന്റും മംഗലാപുരം കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് 13 വർഷം. 2010 ഫെബ്രുവരി 15ന് രാവിലെയാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്ക കല്ലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐയും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല.

അതിനിടെ, ഖാസിയുടെ മരണവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ചിലരെ കേന്ദ്രീകരിച്ച് സി ബി ഐ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാസിയുടെ ബന്ധുക്കളും വിവിധ സംഘടനകളും നാട്ടുകാരും നിരാഹാര സത്യഗ്രഹം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പിന്നീട് സി ബി ഐ ഹൈക്കോടതിയിൽ നൽകിയ അന്വേഷണ റിപോർട്ടിൽ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന പരാമർശമാണ് ഉണ്ടായത്. ഇതോടെ അന്വേഷണം എങ്ങുമെത്താതെ പോകുകയായിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ ബന്ധുക്കളും സംയുക്ത സമരസമിതിയും രംഗത്തെത്തുകയും സി ബി ഐയുടെ പുതിയ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സമരം തുടർന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ നിർത്തിവെക്കുകയാണുണ്ടായത്. അതേസമയം, കേസ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി വീണ്ടും സമരരംഗത്തിറങ്ങാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Latest