Uae
ദുബൈയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള 14 പ്രദേശങ്ങൾ കണ്ടെത്തി
അടുത്ത പത്ത് വർഷത്തിനുള്ളിൽ മഴ വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ അബ്്രി പറഞ്ഞു.
ദുബൈ | ദുബൈയിൽ 14 പ്രദേശങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതർ കണ്ടെത്തി. കഴിഞ്ഞ ഏപ്രിലിൽ അനുഭവപ്പെട്ടത് പോലുള്ള കഠിനമായ കാലാവസ്ഥയിൽ ഈ പ്രദേശങ്ങളിൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ശൈഖ് സായിദ് റോഡിലാണ് മൂന്ന് പ്രദേശങ്ങൾ. രണ്ടെണ്ണം അൽ ഖൈൽ റോഡിലും നാലെണ്ണം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും സ്ഥിതി ചെയ്യുന്നു. എമിറേറ്റ്‌സ് റോഡിലെ രണ്ട് സ്ഥലങ്ങൾ, സൈഹ് അൽ സലാം സ്ട്രീറ്റിലെ ഒന്ന്, റാസ് അൽ ഖോർ സ്ട്രീറ്റിലെ ഒന്ന്, അൽ റബാത്ത് സ്ട്രീറ്റിലെ ഒന്ന് എന്നിവയും ദുർബല പ്രദേശങ്ങളാണ്.
പ്രകൃതിദുരന്തങ്ങളുടെ ആഘാതങ്ങളിൽ നിന്ന് താമസക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ ദുബൈ അധികൃതർ സജീവമായ നടപടികൾ സ്വീകരിച്ചുവരികയാണ് എന്ന “പ്രതിസന്ധിയും പ്രകൃതി ദുരന്ത നിവാരണവും’ എന്ന വിഷയത്തിൽ ദുബൈ പോലീസ് സംഘടിപ്പിച്ച സെമിനാർ ഈ വിഷയത്തിലെ വിവിധ വശങ്ങൾ ചർച്ച ചെയ്തു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ മഴ വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ അബ്്രി പറഞ്ഞു. മഴയുടെ തീവ്രത 30 ശതമാനം വരെ വർധിക്കുമെന്നാണ് നിഗമനം. മഴ വെള്ളം കുമിഞ്ഞുകൂടുന്നത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നിരവധി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്ക് നടപ്പാക്കി വരുന്നുണ്ട്.
14 ഹോട്ട്സ്പോട്ടുകൾക്ക് പുറമേ വെല്ലുവിളി ഉയർത്തുന്ന 22 സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും പരിഹാരങ്ങൾ നടപ്പാക്കി വരികയാണെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) വാണിജ്യ ഗതാഗത പ്രവർത്തന വിഭാഗം ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു. ദുബൈ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് പ്രവർത്തനം.
2033-ഓടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന “തസ്്രീഫ്’ എന്ന പേരിൽ 30 ബില്യൺ ദിർഹം മഴവെള്ള ശൃംഖല പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.